കലയുടെ കവാടം തുറന്ന് അഞ്ചൽ
കൊല്ലം: കൗമാര പ്രതിഭകളുടെ സർഗവസന്തത്തിന് ഒരിക്കൽകൂടി അഞ്ചൽ തട്ടകമായി, റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. രണ്ടാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കലാമാമാങ്കം അഞ്ചൽ നഗരിയിലേക്ക് മടങ്ങിയെത്തിയത്. അഞ്ചുനാൾ നീളുന്ന കലാപൂരത്തിൽ ആടിയും പാടിയും കഥപറഞ്ഞും കവിത ചൊല്ലിയും വാക്കിലും വരയിലും നിറങ്ങൾ ചാർത്തി കൗമാരം ആഘോഷമാക്കും. ഇനി അഞ്ചലിന്റെ രാപകലുകൾക്ക് ചിലങ്കകളുടെ താളം, സംഗീതത്തിന്റെ മധുരം!.
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ ഏഴ് തിരിയിട്ട കലോത്സവ വിളക്കിൽ കളക്ടർ എൻ.ദേവിദാസ് കലാദീപം പകർന്നതോടെയാണ് വേദികൾ ഉണർന്നത്. ബാൻഡുമേളത്തിന്റെ താളപ്പെരുമയും ഗോത്രവർഗ കലകളുടെ ആരവവും നൃത്തച്ചുവടുകളും രസാനുഭവങ്ങളായി. നിറക്കൂട്ടുകൾ ചാലിച്ചും ഭാവനയുടെ കവിതകൾ വിരിയിച്ചും കഥകളെഴുതിയും ഒരു ഭാഗം നിശബ്ദ നിശബ്ദമായൊഴുകി. ഒന്നാം വേദിക്ക് മുന്നിൽ 'ഭാരതാംബ' വീണ്ടും വിവാദത്തിനൊരുങ്ങിയെങ്കിലും വേണ്ടപ്പെട്ടവരുടെ സംയമന ഇടപെടലുകൾ പരിഹാരമൊരുക്കി. മത്സരിക്കാൻ ആളേറെയുണ്ടെങ്കിലും കാഴ്ചക്കാരൊഴിഞ്ഞ പകൽവേദികൾ പതിവ് രസംകെടുത്തി. ഇന്ന് രാവിലെ തിരശീല വീണ്ടുമുയരുമ്പോൾ അഞ്ചലിന് വേറിട്ട കലയുടെ വിരുന്നാെരുങ്ങുമെന്നുള്ള പ്രതീക്ഷയുണ്ട്. 29ന് വൈകിട്ടാണ് സമാപനം, സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്യും.