മണ്ഡലകാലം: നടത്തിയത് 350 ഭക്ഷ്യസുരക്ഷാ പരിശോധനകൾ

Wednesday 26 November 2025 12:54 AM IST

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം ആരംഭിച്ചതു മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ ഭക്ഷ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് 350 പരിശോധനകൾ. ന്യൂനതകൾ കണ്ടെത്തിയ 60 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 292 ഭക്ഷ്യ സാമ്പിളുകൾ ലാബിൽ പരിശോധിച്ചു.

തീർത്ഥാടകർ കൂടുതലെത്തുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കാൻ സന്നിധാനത്ത് ലാബ് സജ്ജീകരിച്ചു.