ജയിലിനുള്ളിൽ റിമാൻഡ് പ്രതി മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കാസർകോട്: ജയിലിനുള്ളിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ. കാസർകോട് സ്‌പെഷ്യൽ സബ് ജയിലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മുബഷീർ എന്നയാളാണ് മരിച്ചത്. അവശനിലയിലായ ഇയാളെ ഉടൻതന്നെ ജയിൽ അധികൃതർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2016ൽ രജിസ്റ്റർ ചെയ്‌ത ഒരു പോക്‌സോ കേസിലെ പ്രതിയാണ് മുബഷീർ. കേസെടുത്തതോടെ ഇയാൾ ഗൾഫിലേക്ക് കടന്നുകളഞ്ഞെന്നും നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായതെന്നും വിവരമുണ്ട്. എന്നാലിത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മാസം മുമ്പാണ് മുബഷീർ നാട്ടിലെത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് 20 ദിവസം മുമ്പ് ഇയാൾ അറസ്റ്റിലായത്. പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു.
മുബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസും തീരുമാനിച്ചു. ശരീരത്തിൽ മർദനത്തിന്റെ പാടുകളൊന്നുമില്ല എന്നാണ് വിവരം. ഇയാൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും.