ശബരിമല സ്വർണക്കൊള്ള; പത്മകുമാർ എസ് ഐ ടിയുടെ കസ്റ്റഡിയിൽ

Wednesday 26 November 2025 12:51 PM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ എസ് ഐ ടിയുടെ കസ്റ്റഡിയിൽ. നാളെ വൈകിട്ട് അഞ്ച് വരെയാണ് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനുശേഷം കോടതിയിൽ ഹാജരാക്കണം.

നവംബർ ഇരുപതിനാണ്‌ പത്മകുമാറിനെ അറസ്റ്റ് ചെയ്‌തത്. കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ് പത്മകുമാർ. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെഎസ്‌ ബൈജു, മുൻ ദേവസ്വം കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ വാസു എന്നിവരാണ് പത്മകുമാറിനെ കൂടാതെ അറസ്റ്റിലായവർ.

ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പത്മകുമാർ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അടക്കം എസ് ഐ ടി ഇനി വിശദമായി ചോദ്യം ചെയ്യും.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ ദേവസ്വം ബോർഡിൽ ആദ്യം നിർദേശംവച്ചത് പത്മകുമാറാണെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്ന് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിൽ സർവസ്വാതന്ത്ര്യവും നൽകിയത് പത്മകുമാറാണെന്നും തെളിഞ്ഞു. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.