'ശ്രീലേഖ ഐപിഎസ് അല്ല, റിട്ടയേർഡ്'; ബിജെപി സ്ഥാനാർത്ഥിയുടെ പദവി വെട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: കോർപ്പറേഷൻ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആർ ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർവീസിൽ നിന്ന് വിരമിച്ച ശേഷവും പേരിനൊപ്പം ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കുറച്ച് സ്ഥാലങ്ങളിലെ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ മായ്ച്ചു. ഇതോടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി ബാക്കിയിടങ്ങളിൽ റിട്ടയേർഡ് എന്ന് ചേർക്കുകയും ചെയ്തു.
പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാമെന്നാണ് ശ്രീലേഖ പ്രതികരിച്ചത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തിൽ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലെ ബോർഡിൽ ആർ ശ്രീലേഖ എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്.