തൃശൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

Wednesday 26 November 2025 2:27 PM IST

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റാണ് സ്‌നേഹ.

ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന റീബോൺ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നയുടൻ ബസ് ജീവനക്കാർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അപകടത്തിൽ സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.

ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ട പ്രദേശമാണിത്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിന് കാരണമായ രണ്ട് സ്വകാര്യ ബസുകൾ തീയിട്ട് നശിപ്പിച്ചതുൾപ്പെടെ നിരവധി സംഘർഷങ്ങൾ അപകടം മൂലം ഈ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്.

സ്‌നേഹയുടെ ഭർത്താവ് - ജെറി ഡേവിസ് ( അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്). മക്കൾ - അമല (അഞ്ച് വയസ് ), ആൻസിയ (ഒരു വയസ്).