എസ്‌ഐആറിന് സ്റ്റേ ഇല്ല, കേരളത്തിന്റെ ഹ‌ർജിയിൽ ഇടപെടണോ എന്ന് ഡിസംബർ രണ്ടിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

Wednesday 26 November 2025 3:01 PM IST

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്‌‌കരണം നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബർ രണ്ടിന് പരിഗണിക്കും. കേരളത്തിന്റെ ഹർജിയിൽ ഇടപെടണോ എന്ന് അന്ന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ഡിസംബർ ഒന്നിനകം തമിഴ്‌നാട് സത്യവാംഗ്‌മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ സത്യവാംഗ്‌മൂലം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എസ്‌ഐആറിലെ കേരളത്തിന്റെ സാഹചര്യം വ്യത്യസ്‌തമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാഷ്‌ട്രീയ പാർട്ടികളാണ് കേരളത്തിൽ പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചത്.

കേരള ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ബുദ്ധിമുട്ടില്ലെന്ന് ജില്ലാ കളക്‌ടർമാർ ഉൾപ്പെടെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. നടപടികൾ വേഗത്തിൽ നടക്കുകയാണ്. ഓരോ നടപടികളും പുരോഗമിക്കുന്നു. ആവശ്യമെങ്കിൽ സത്യവാംഗ്‌മൂലം സമർപ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്ന് കേരള സർക്കാർ എതിർ വാദം ഉന്നയിച്ചു. തമിഴ്‌നാടിനും കേരളത്തിനും പ്രത്യേക സത്യവാംഗ്‌മൂലം നൽകാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.