തട്ടുകടയിൽ ഇഷ്ട വിഭവം കഴിക്കാനെത്തുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക്; ആ മാറ്റം ഉടൻ നടപ്പിലായേക്കും
തിരുവനന്തപുരം: രാജ്യത്ത് കോഴിമുട്ട വില കഴിഞ്ഞ അഞ്ച് വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. ഒരു മുട്ടയ്ക്ക് ഇപ്പോൾ നൽകേണ്ട വില എട്ട് രൂപയാണ്. ഇതിനെത്തുടർന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഹോട്ടൽ, തട്ടുകട മേഖലയിലുള്ളവരാണ്. മുട്ട വില കൂടുന്നതിനനുസരിച്ച് വിഭവങ്ങളുടെ വില കൂട്ടാൻ പറ്റാത്ത അവസ്ഥയിലാണ്.
നിലവിൽ തട്ടുകടകളിൽ സിംഗിൾ ഓംലറ്റിന് 15 രൂപയാണ് ഈടാക്കുന്നത്. മുട്ട വില വർദ്ധന ഇനിയും തുടർന്നാൽ വില വീണ്ടും ഉയർന്നേക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്നത് തമിഴ്നാട്ടിലെ നാമക്കലിലാണ്. ഇവിടെയുള്ള ഫാമുകളിലെ വില 6.05 പൈസയാണ്. ഇത് കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്ക് എത്തുമ്പോൾ 7.30 രൂപയാകും. അഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഏറിയതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണം.
കേരളത്തിൽ മണ്ഡലകാലം ആരംഭിക്കുന്നതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ ഇറച്ചി, മുട്ട എന്നിവയുടെ വില കുറയാറാണ് പതിവ്. എന്നാൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നതോടെ കേക്ക് നിർമാണം സജീവമാകും. ഇതോടെ മുട്ട വില ഇനിയും വർദ്ധിക്കുമെന്നാണ് കരുതുന്നത്. കോഴി മുട്ടയ്ക്ക് വില കൂടിയാലും ഡിമാൻഡ് ഒരിക്കലും താഴാറില്ല.