ഇവിടെ ഒറ്റയ്ക്ക് വരുന്നവർക്ക് ഭക്ഷണമില്ല; വേണമെങ്കിൽ ചില കാര്യങ്ങൾ അനുസരിക്കണം, ഇപ്പോഴത്തെ അവസ്ഥ
സിയോൾ: ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനെത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ദക്ഷിണ കൊറിയയിലെ ചില റസ്റ്റോറന്റുകൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകാന്തത വിൽക്കുന്നില്ലെന്ന ന്യായീകരണമാണ് റസ്റ്റോറന്റ് ജീവനക്കാർ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനെത്തുന്നവരോട് പറയുന്നത്.
സൗത്ത് ജിയോള പ്രവിശ്യയിലെ യോസു സിറ്റിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഒറ്റയ്ക്ക് കഴിക്കാനെത്തുന്നവർക്കു മുന്നിൽ നാല് നിർദ്ദേശങ്ങളാണ് വയ്ക്കുന്നത്. രണ്ടുപേരുടെ ഭക്ഷണത്തിന്റെ പണം നൽകുക, രണ്ടുപേരുടെ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുക, സുഹൃത്തിനെ വിളിക്കുക, പങ്കാളിയോടൊപ്പം വരിക എന്നിവയാണ് നിർദ്ദേശങ്ങൾ. അടുത്തിടെയായി ദക്ഷിണ കൊറിയയിൽ ഹോൺബാപ്പെന്ന (സോളോ ഡൈനിംഗ്) പ്രവണത കാണുന്നുണ്ട്, പലരും ഭക്ഷണം കഴിക്കാനായി ഒറ്റയ്ക്കെത്തുന്നതാണ് പതിവ്. ഇത് റസ്റ്റോറന്റുകൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതോടെയാണ് പുതിയ നീക്കം.
എന്നാൽ ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഏകാന്തതയാണെന്ന് കരുതുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഉയർന്നുവരുന്ന ചോദ്യം. അടുത്തിടെ പുറത്തുവന്ന കണക്കുകളനുസരിച്ച് ദക്ഷിണ കൊറിയയിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ്. ആകെ വീടുകളിൽ 29 ശതമാനത്തിലും ആളുകൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.