'പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്'; സുപ്രധാന നിർദേശവുമായി ഹൈക്കോടതി

Wednesday 26 November 2025 4:39 PM IST

കൊച്ചി: പണമില്ലാത്തതിന്റെയോ രേഖകളില്ലാത്തതിന്റെയോ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്‌മെന്റ് ആക്ടനുസരിച്ച് ആശുപത്രികൾ പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. രോഗികളുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പാക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആശുപത്രികൾക്ക് സുപ്രധാന മാർഗനിർദേശങ്ങളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളെ പരിശോധിക്കണം, രോഗിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ഉറപ്പിക്കണം, തുടർചികിത്സയ്ക്ക് മ​റ്റ് ആശുപത്രിയിലേക്ക് മാ​റ്റുന്നതിന്റെ ഉത്തരവാദിത്തം ഏ​റ്റെടുക്കണം, ആശുപത്രികളിൽ വ്യക്തമായി ചികിത്സാനിരക്ക് പ്രദർശിപ്പിക്കണം, ഡോക്ടർമാരുടെ പേരും സേവനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം, പരാതി പരിഹാര സംവിധാനത്തിന്റെ വിവരങ്ങൾ പ്രദർശിപ്പിക്കണം, ആശുപത്രികളിൽ പരാതി പരിഹാര ഡസ്‌ക് വേണം, ഏഴ് ദിവസത്തിനുളളിൽ പരാതി തീർപ്പാക്കാൻ ശ്രമിക്കണം, ഇല്ലെങ്കിൽ പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം തുടങ്ങിയവയാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ.