സിപിഎമ്മുകാർ പ്രതികളായ ക്രിമിനൽ കേസ് പിൻവലിക്കാൻ നീക്കം; രൂക്ഷവിമർശനവുമായി കോടതി
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ രൂക്ഷമായി വിമർശിച്ച് കോടതി. 2015 ൽ രാമന്തളയിൽ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തിരുന്നു. സംഭവവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമർശനം.
തളിപ്പറമ്പ് സെഷൻ കോടതി ജഡ്‌ജി കെ.എൻ. പ്രശാന്ത് ആണ് ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് നടത്തിയ നീക്കത്തെ ചോദ്യം ചെയ്തത്. കേസ് റദ്ദാക്കുന്നതിന് പിന്നിലുള്ള പൊതുതാൽപ്പര്യമെന്തെന്ന് കോടതി ചോദിച്ചു. കേസിൽ പ്രതികളായ 13 സിപിഎം പ്രവർത്തകരും വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.
സിപിഎം-എസ്ഡിപിഐ സംഘർഷത്തെത്തുടർന്ന് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. എസ്ഐ ആയിരുന്ന കെപി ഷൈൻ ഉൾപ്പെടെയുള്ളവരുടെ വാഹനം തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.