ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് തിരിച്ചടി, ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

Wednesday 26 November 2025 5:06 PM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2019ൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. കട്ടിളപ്പാളി കേസിലെ ആറാം പ്രതിയാണ്. ഈ രണ്ട് കേസിലും ജാമ്യാപേക്ഷേ തള്ളുകയായിരുന്നു. ഒക്ടോബർ 22നാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഗൂഢാലോചനയിലടക്കം പ്രതിക്ക് പങ്കുണ്ടെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിന്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബുവിന്റെ വാദം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി മുരാരി ബാബു ചുമതലയേൽക്കും മുമ്പുതന്നെ നടപടികൾ തുടങ്ങിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

2019 കാലത്ത് ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 1998 ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019 ലും 2024 ലും പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തി. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടുത്തന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന് ശുപാര്‍ശ നല്‍കിയതും മുരാരി ബാബുവാണ്. വീണ്ടും സ്വര്‍ണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.