കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; 2030ൽ അഹമ്മദാബാദ് വേദിയാകും, പ്രഖ്യാപനം നടന്നു

Wednesday 26 November 2025 7:25 PM IST

ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദിനെ വേദിയായി ഗ്‌ളാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ‌സ്‌പോർട്‌‌സ് ജനറൽ അസംബ്ളിയിലാണ് പ്രഖ്യാപനം നടന്നത്. നവംബർ 15ന്‌ കോമൺവെൽത്ത് സ്‌പോർട് എക്സിക്യൂട്ടീവ് അഹമ്മദാബാദിനെ വേദിയായി ശുപാർശ ചെയ്തിരുന്നു. കോമൺവെൽത്ത് ‌സ്‌പോർട്‌‌സ് ജനറൽ അസംബ്ളിയിൽ 74 കോമൺവെൽത്ത് അംഗ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യയെ അംഗീകരിക്കുകയായിരുന്നു.

ഇന്ത്യയെക്കൂടാതെ ആഫ്രിക്കൻ പ്രതിനിധിയായ നൈജീരിയയാണ് വേദിക്കായി രംഗത്തുള്ളത്. കോമൺവെൽത്ത് ഗെയിംസ് വേദിക്കായി ഇന്ത്യയെ ശുപാർശ ചെയ്തത് രാജ്യത്തിന്റെ കായിക രംഗത്തിന് അഭിമാനാർഹമായ നേട്ടമാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മെമ്പറും റിലയൻസ് ഫൗണ്ടഷൻ ഫൗണ്ടർ ചെയർ പേഴ്സണുമായ നിത അംബാനി മുൻപ് വ്യക്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാകും ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്. നേരത്തേ ഡൽഹി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2010ലായിരുന്നു ഇത്. 2036 ലെ ഒളിമ്പിക്സ് വേദിക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയ ഇന്ത്യ ആലക്ഷ്യം മുൻ നിറുത്തിയാണ് 2030ലെ കോമൺ വെൽത്ത് ഗെയിംസ് വേദിക്കായി ശ്രമിച്ച് ഫലം കണ്ടത്.