പൂരക്കളിയിൽ ഹാട്രിക് നേട്ടവുമായി സെന്റ് ജോസഫ്‌സ്

Thursday 27 November 2025 1:26 AM IST
എച്ച്.എസ് വിഭാഗം പൂരക്കളി സെന്റ് ജോസഫ് എച്ച്.എസ് ആരക്കുഴ മുവാറ്റുപുഴ

കൊച്ചി: ഹൈസ്‌കൂൾ വിഭാഗം പൂരക്കളിയിൽ കുത്തക കൈവിടാതെ ഹാട്രിക് നേട്ടവുമായി ആരക്കുഴ സെന്റ് ജോസഫ്‌സ് എച്ച്.എസ്. ഒന്നാം നിറവും നാലാം നിറവും ഗണപതിപ്പാട്ടും ചിന്തുമെല്ലാം ചിട്ടയോടെ വേദിയിൽ അവതരിപ്പിച്ചാണ് തൃശൂരിലെ സംസ്ഥാന പോരിന് വണ്ടി കയറുന്നത്. അഞ്ച് മാസത്തോളം നീണ്ട പരിശീലനമാണ് സെന്റ് ജോസഫ്‌സിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്.

കനിഷ്‌ക്, ജേക്കബ് മാത്യു, ആദിൽ, ആർ. അതുൽ, എം.എ. അതുൽ, അദ്രിനാഥ്, ദേവദത്ത്, ശ്രീഹരി, ദേവാനന്ദ്, നവനീത്, റിയാൻ, അഭിഷേക് എന്നിവരാണ് സ്‌കൂളിന് നേട്ടമൊരുക്കിയത്. കഴിഞ്ഞ തവണ ടീമിനെ ഒന്നാമതെത്തിച്ച എട്ട് പേരും ഇത്തവണയും ടീമിലുണ്ടായിരുന്നു.

ശബ്ദം നിലച്ചിട്ടും തളരാതെ വിദ്യാധിരാജ

ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി മത്സരത്തിനിടെ ശബ്ദ സംവിധാനം തകരാറിലായിട്ടും തളരാതെ കളിച്ച് ഒന്നാം സ്ഥാനത്തെത്തി ആലുവ വിദ്യാധിരാജ വിദ്യാഭവൻ എച്ച്.എസ്.എസ്. പോയവർഷം നഷ്ടപ്പെട്ട ഒന്നാം സ്ഥാനമാണ് പ്രതികൂലാവസ്ഥയിലും ധൈര്യം ചോരാതെ കളിച്ച് നേടിയത്.

ശിവദത്ത്, ആസാദ് അലി, റംസാൻ, അഗ്‌നിദേവ്, മാധാവ് കൃഷ്ണ, സൂര്യ നാരായൺ, ധനഞ്ജയ്, ശ്രീ അക്ഷയ്, ആദിദേവ്, സഞ്ജയ്, കാശിനാഥ്, മുഹമ്മദ് സൈദൻ എന്നിവരായിരുന്നു ടീം അംഗങ്ങൾ. കണ്ണൂർ സ്വദേശിയായ വിനോദ് പി . കരുമള്ളൂരാണ് ഗുരു.