ബിനോയ് വിശ്വവുമായി സംഭാഷണം, 'ഇപ്പോൾ തദ്ദേശ ജയം; ബാക്കി പിന്നീട്'
സപ്തതി നിറവിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പതിവുപോലെ ആഘോഷങ്ങൾ ഒഴിവാക്കിയുള്ള ജന്മദിനത്തിലും തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് അദ്ദേഹം. 70 വയസായെങ്കിലും മനസിലെ ചെറുപ്പം നിലനിറുത്തുന്നതിലാണ് കാര്യമെന്ന് ബിനോയ് വിശ്വം പറയുന്നു. രീതികൾ അറിയാവുന്നതുകൊണ്ട് വീട്ടുകാരും പാർട്ടി പ്രവർത്തകരും ആഘോഷങ്ങൾക്ക് നിർബന്ധിക്കാറില്ല.
ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണത്തേതു പോലെ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെയും വിജയസാദ്ധ്യതയെയും രാഷ്ട്രീയത്തെയും കുറിച്ച് ബിനോയ് വിശ്വം സംസാരിക്കുന്നു.
? മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ടോ.
കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം പ്രതീക്ഷിക്കുന്നു. ഒൻപതര വർഷമായി എൽ.ഡി.എഫ് കേരളത്തിൽ സൃഷ്ടിച്ച മാറ്റം വലുതാണ്. പ്രത്യേകിച്ച്, സമൂഹത്തിന്റെ താഴേക്കിടയിൽ ഉള്ളവരെ ചേർത്തുപിടിക്കാൻ സർക്കാരിനായി. സ്ത്രീകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികൾ നടപ്പാക്കി. ഇതെല്ലാം സർക്കാരിന് മികച്ച വിജയം സമ്മാനിക്കും.
? മൂന്നാം തവണയും എൽ.ഡി.എഫ് വരുമോ.
തീർച്ചയായും വരും. സർക്കാർ നടത്തിയ വികസന പദ്ധതികൾ അത്രത്തോളമാണ്. ഉറച്ച വിശ്വാസത്തിലാണ് മുന്നണി. ഈ തിരഞ്ഞെടുപ്പ് അതിലേക്കുള്ള ചവിട്ടുപടിയാണ്.
? ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായി യു.ഡി.എഫ് വർഗീയ കൂട്ടുകെട്ടിലാണെന്ന ആരോപണം സജീവമാണ്. യു.ഡി.എഫിന്റെ നിലപാടിൽ പെട്ടെന്നുണ്ടായ മാറ്റമാണോ.
ഒരിക്കലുമല്ല. യു.ഡി.എഫ് മുമ്പുതന്നെ ഇത് തെളിയിച്ചിട്ടുള്ളതാണ്. 1980-ൽ വടകര, ബേപ്പൂർ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും ബി.ജെ.പിക്കും പൊതു സ്ഥാനാർത്ഥിയായിരുന്നു. ഇപ്പോൾ ഒരു കൈ കൊണ്ട് മുസ്ലീം വർഗീയ സംഘടനകളെയും, മറുകൈകൊണ്ട് ബി.ജെ.പിയെയും കോൺഗ്രസ് ചേർത്തു പിടിക്കുന്നു.
? സംസ്ഥാനത്ത് യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടുണ്ടോ.
ഇത്തവണ അവരുടെ വർഗീയ കൂട്ടുകെട്ട് ശക്തിപ്പെട്ടു. അന്ധമായ ഇടതു വിരുദ്ധതയാണ് കോൺഗ്രസിനെ നയിക്കുന്നത്. നെഹ്റു പാരമ്പര്യം ഇതല്ല. പ്രവർത്തക സമിതി അംഗമായ ശശി തരൂരാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ മുഖം. കേരളത്തിലെ കോൺഗ്രസ് ഗതികെട്ട അവസ്ഥയിലാണ്. ആവശ്യം വരുമ്പോൾ അവർ വർഗീയതയുമായി കൈകോർക്കും.
? കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയ്ക്കു പിന്നിൽ...
എന്തു കൊണ്ടാണെന്ന് നമ്മൾ പഠിക്കുകയും സ്വയം വിമർശനം നടത്തുകയും വേണം. അവർക്ക് വളർച്ചയുണ്ട്, അത് ആപത്താണ്. എസ്.ഐ.ആറും അളവറ്റ പണവും കാപട്യവുമാണ് അവർക്ക് സഹായമാകുന്നത്.
? മാവോയിസ്റ്റ് പ്രവർത്തനങ്ങളെ പൂർണമായി തള്ളിപ്പറയാത്ത പാർട്ടിയാണോ സി.പി.ഐ.
മാവോയിസ്റ്റുകളെ സി.പി.ഐ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കൾ ആയാണ്. അവർ മനുഷ്യരും സഖാക്കളുമാണ്. ആശയം തെറ്റായിപ്പോയെന്നു മാത്രമേയുള്ളൂ. അവരെ നേരിടാൻ ബി.ജെ.പി കണ്ടുപിടിച്ച വഴി അങ്ങേയറ്റം തെറ്റും ജനാധിപത്യ വിരുദ്ധവുമാണ്.
? പി.എം ശ്രീ പദ്ധതിയിൽ സി.പി.എമ്മുമായി ഉണ്ടായിരുന്ന തർക്കം പരിഹരിക്കപ്പെട്ടോ.
അതിൽ കൃത്യമായ രാഷ്ട്രീയ വ്യക്തത കൈവന്നു കഴിഞ്ഞു. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ മാത്രമേ സർക്കാരിന് കഴിയൂ എന്ന് സി.പി.എമ്മിനും സി.പി.ഐയ്ക്കും അറിയാം. ഇനി തർക്കിച്ചിട്ടു കാര്യമില്ല.
? നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമോ.
ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലുണ്ട്. അതിൽ മികച്ച വിജയം നേടാനാണ് മുന്നണി ശ്രമിക്കുന്നത്. വിജയത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. സീറ്റുകൾ ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കേണ്ട കാര്യമാണ്.