സൗത്ത് റെയിൽവേ സ്റ്റേഷനിൽ 56 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 56 കിലോ കഞ്ചാവുമായി റെയിൽവേ താത്കാലിക ജീവനക്കാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ടാറ്റാനഗർ എക‌്സ്‌പ്രസിലെ ബെഡ്റോൾ വിഭാഗത്തിലെ താത്കാലിക ജീവനക്കാരൻ പശ്ചിമബംഗാൾ മിഡിൻപൂർ കുണ്ടോൺബോണി സ്വദേശി സുകുലാൽ ടുടു (27), പാലക്കാട് കൊഴിഞ്ഞാമ്പാറ കുളത്തിങ്കൽവീട്ടിൽ ദീപക് ദിനകരൻ (26), എറണാകുളം നോർത്ത് പറവൂർ കാട്ടിപ്പറമ്പിൽവീട്ടിൽ സരൂപ് (34) എന്നിവരാണ് പിടിയിലായത്. എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക‌്സ്‌പ്രസിലെ എ വൺ കമ്പാർട്ട്മെന്റിൽ പുലർച്ചെ 4.45ഓടെ കഞ്ചാവ് കൈമാറുന്നതിനിടെയാണ് അറസ്റ്റ്.
65 ഗ്രാം എം.ഡി.എം.എ കൈവശംവച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ദീപക്. ഓട്ടോഡ്രൈവറാണ് സനൂപ്. സുകുലാൽ പശ്ചിമബംഗാളിലെ ടാറ്റാനഗറിൽനിന്ന് ഇവർക്കായി കഞ്ചാവ് എത്തിക്കുകയായിരുന്നു. ഇടപാടിന്റെ തുക പ്രതികൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കഞ്ചാവ് തുച്ഛമായ തുകയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്ക് ഇടയിലുള്ള പാളത്തിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു ടാറ്റാനഗർ എക‌്സ്‌പ്രസ്.
ഓപ്പറേഷൻ സുരക്ഷിതയുടെ ഭാഗമായി റെയിൽവേ പൊലീസ് എസ്.പി കെ. ഷഹൻഷായുടെയും ആർ.പി.എഫ് എസ്.പി. മുഹമ്മദ് ഹനീഫയുടെയും നിർദ്ദേശാനുസരണം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ആർ.പി.എഫും പരിശോധന നടത്തി. അടച്ചിട്ടിരിക്കുന്ന എ വൺ കമ്പാർട്ട്മെന്റിൽ വെളിച്ചം കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഇടപാട് കണ്ടെത്തിയത്.
ഓടി രക്ഷപ്പെടുംമുമ്പ് മൂവരെയും എറണാകുളം റെയിൽവേ പൊലീസ് എസ്.ഐ എ. നിസാറുദ്ദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. ലഗേജ് ബോഗിക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. വിജയവാഡയിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. മൂവരും പരിചയപ്പെട്ടതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുമെന്നും കഞ്ചാവ് കടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.