ഉപതിരഞ്ഞെടുപ്പ് : ബി.ഡി.ജെ.എസ് ചുമതലക്കാരെ നിയോഗിച്ചു
കൊച്ചി : അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതാക്കളെ ചുമതലപ്പെടുത്താൻ ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. എൻ.ഡി.എയിൽ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് യോഗശേഷം ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വട്ടിയൂർക്കാവിൽ സുഭാഷ് വാസു, രാജേഷ് നെടുമങ്ങാട്, സോമശേഖരൻ എന്നിവർക്കാണ് ചുമതല. കോന്നിയിൽ കെ. പത്മകുമാർ, തഴവ സഹദേവൻ എന്നിവരും അരൂരിൽ വി. ഗോപകുമാർ, ടി.വി. ബാബു, ടി. അനിയപ്പൻ, എറണാകുളത്ത് വി. ഗോപകുമാർ, പി.ഡി. ശ്യാംദാസ്, ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, സംഗീത വിശ്വനാഥ്, മഞ്ചേശ്വരത്ത് സന്തോഷ് അരയാക്കണ്ടി, പൈലി വാത്യാട്ട്, അനുരാഗ് കെ.എ എന്നിവരും ചുമതല വഹിക്കും.
ഒരാഴ്ചയ്ക്കകം പഞ്ചായത്തു മുതൽ മണ്ഡലം കമ്മിറ്റി വരെ ഭാരവാഹികളുടെ യോഗം ചേർന്ന് പ്രവർത്തനം ഉൗർജ്ജിതമാക്കും. കുടുംബയോഗങ്ങൾ രണ്ടു ദിവസത്തിനകം ആരംഭിക്കും.
ബി.ജെ.പി നേതൃത്വം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. വിഷയങ്ങൾ ഉന്നയിക്കേണ്ടിടത്ത് പറയും. വാഗ്ദാനം ചെയ്തിരുന്ന ഏതാനും പദവികൾ ലഭിച്ചുകഴിഞ്ഞു. .
തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി എൻ.ഡി.എ മത്സരിക്കണം. എൻ.ഡി.എ ശക്തമാക്കേണ്ടത് ആവശ്യമാണ്. വരാനിരിക്കുന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മുന്നണി ഇപ്പോഴേ ശക്തമാകണം എൻ.ഡി.എ. പ്രവർത്തനത്തിൽ ചില കുറവുകളുണ്ട്. അത് ഒഴിവാക്കാൻ ബി.ഡി.ജെ.എസും ബി.ജെ.പിയും കൂട്ടായ്മയോടെ താഴേത്തട്ടിൽ പ്രവർത്തിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഉത്തരവാദപ്പെട്ട വേദികളിൽ പാർട്ടിയുടെ ആവശ്യങ്ങൾ ഉന്നയിക്കും. പാലായിൽ വോട്ട് ലഭിച്ചില്ലെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. എൻ.ഡി.എ സംവിധാനം വേണ്ടത്ര താഴേത്തട്ടിലില്ലാത്തതിനാലാണ് അരൂരിൽ മത്സരിക്കാത്തതെന്ന് തുഷാർ പറഞ്ഞു.