പത്തനംതിട്ട ഓട്ടോ അപകടം, മരണം രണ്ടായി, കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു

Wednesday 26 November 2025 8:51 PM IST

പത്തനംതിട്ട: കരുമാൻതോട് തൂമ്പാക്കുളത്ത് ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി ആശുപത്രിയിലെത്തിച്ച യദു കൃഷ്‌ണൻ (4) ആണ് മരിച്ചത്. ആകെ ആറ് കുട്ടികളാണ് അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. നേരത്തെ ശ്രീനാരായണ പബ്ളിക്‌ സ്‌കൂൾ വിദ്യാർത്ഥിനി ആദി ലക്ഷ്‌‌മി (8) അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യദു കൃഷ്‌ണൻ അപകടത്തിൽ പെടാതെ വീട്ടിലെത്തി എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ കുട്ടി വീട്ടിൽ എത്തിയിട്ടില്ല എന്ന് രക്ഷകർത്താക്കൾ അറിയിച്ചതോടെയാണ് കോന്നി എംഎൽഎ കെ യു ജനേഷ് കുമാറിന്റെ നിർദ്ദേശമനുസരിച്ച് സ്ഥലത്ത് വ്യാപക പരിശോധന ആരംഭിച്ചത്. മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചതോടെയാണ് കരുമാൻതോടിൽ അപകടം ഉണ്ടായത്. ആകെ അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത് എന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെയെല്ലാം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിലും എത്തിച്ചു. ഇതിൽ ആദി ലക്ഷ്മി മരിച്ചു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് യദു കൃഷ്ണനെ കാണാതായി എന്ന് വ്യക്തമായത്. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടത്.