ആലുവയിലെ സയനൈഡ് കൊലയ്‌ക്ക് നാല് പതിറ്റാണ്ട്

Monday 07 October 2019 12:03 AM IST

ആലുവ:കൂടത്തായി സയനൈഡ് കൊലപാതകത്തിന് സമാനമായ കൊലപാതകം നാല് പതിറ്റാണ്ട് മുമ്പ് ആലുവയിലും നടന്നിരുന്നു. ഇവിടെയും ഒരു സ്ത്രീ മൂന്ന് പുരുഷന്മാരുടെ സഹായത്തോടെ ഭർത്തൃസഹോദരന്റെ ഭാര്യയെയും രണ്ട് മക്കളെയുമാണ് സയനൈഡ് നൽകി കൊലപ്പെടുത്തിയത്.

കൂടത്തായിയിൽ ആറ് പേരെ കൊലപ്പെടുത്താൻ 14 വർഷമെടുത്തെങ്കിൽ ഇവിടെ ഒറ്റ ദിവസമാണ് മൂവരെയും കൊലപ്പെടുത്തിയത്. കേരളം അന്ന് ഭീതിയോടെയാണ് ഇത് ചർച്ച ചെയ്തത്. 1980 ജൂൺ 23 നാണ് ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ അമ്മയേയും രണ്ട് പെൺ​മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലുവ കളപ്പറമ്പത്ത് ടോമിയുടെയും സഹോദരൻ ഫ്രാൻസിസിന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന ആദ്യകാല റാണി സിൽക്‌സിന്റെയും മഹാറാണി ടെക്സ്റ്റൈൽസി​ന്റെയും അവകാശം സംബന്ധിച്ച തർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. ടോമിയുടെ ഭാര്യ മെർലി, മക്കളായ എട്ടു വയസുകാരി സോണ, അഞ്ച് വയസുകാരി റാണ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഫ്രാൻസിസി​ന്റെ മരണത്തെതുടർന്ന് ബിസിനസ് പങ്കാളിത്തം സംബന്ധിച്ച് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം. ടോമി വീട്ടിലില്ലെന്ന് ഉറപ്പാക്കി വീട്ടിലെത്തിയ അമ്മിണിയും പിന്നാലെ വന്ന മൂന്ന് പുരുഷസുഹൃത്തുക്കളും ചേർന്നായിരുന്നു അരുംകൊല നടത്തി​യത്. മെർലിയെ ബലപ്രയോഗത്തിലൂടെ സയനൈഡ് കഴിപ്പിച്ചു. തുടർന്ന് രണ്ട് കുട്ടികൾക്കും അമ്മിണിയാണ് സയനൈഡ് നൽകിയത്. മരണം ഉറപ്പാക്കിയ ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വീട് വൃത്തിയാക്കി സംഘം മടങ്ങുകയായിരുന്നു.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാവും വിഷം കഴിച്ച് മരിച്ചുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ ആർക്കും സംശയം ഉണ്ടായില്ല. അമ്മിണിയും മരണവീട്ടിൽ ദു:ഖത്തോടെ ഉണ്ടായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റി​പ്പോർട്ടി​ൽ ബലപ്രയോഗം നടന്നതായി വ്യക്തമായി. ഇതോടെയാണ് കൊലപാതകമെന്ന നിലയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. പന്ത്രണ്ടാം നാൾ പ്രതികൾ അറസ്റ്റിലായി.

അമ്മിണിക്ക് ജീവപര്യന്തമാണ് കോടതി വിധിച്ചത്. വിധവയായതിനാലും രണ്ട് മക്കൾ ഉള്ളതിനാലുമാണ് വധശിക്ഷ ഒഴിവാക്കിയത്. പക്ഷേ പരോളിലിറങ്ങിയ അമ്മിണി സ്വന്തം മക്കളിൽ നിന്ന് പോലും ഒറ്റപ്പെട്ടതിനാൽ ജീവനൊടുക്കി. അമ്മിണിയുടെ രണ്ട് മക്കളും ഇതിനിടെ മരണമടഞ്ഞു.

കൊലപാതകം നടന്ന ഇ.എസ്.ഐ റോഡിലെ വീട് മറ്റൊരാളുടെ കൈവശമാണെങ്കിലും താമസക്കാരില്ലാത്തതിനാൽ ഇപ്പോൾ കാട് പിടിച്ച് കിടക്കുകയാണ് .