സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി. ഇതുസംബന്ധിച്ച ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ. നിർദ്ദേശം പാലിക്കാത്ത സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കും. ഗുരുതരമായ കേസുകൾ ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വർഷത്തിലൊരിക്കൽ വാങ്ങിയാൽ മതി.
കൊലക്കുറ്റം, സ്ത്രീകൾക്കെതിരായ അതിക്രമം, മയക്കുമരുന്ന് ഉപയോഗം, മദ്യ വില്പന തുടങ്ങിയ ക്രിമിനൽ കേസ് ഉള്ളവരെ മാത്രമാണ് ജോലിയിൽ നിന്ന് വിലക്കുന്നത്. കുടുംബ വഴക്ക്, മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ തുടങ്ങിയ കേസുകൾ ഉള്ളവരുടെ തൊഴിൽ നിഷേധിക്കില്ല.
'ഗുണ്ടകളെയല്ല വേണ്ടത്'
തൊഴിലാളികളെയാണ് ബസ് ഉടമകൾക്ക് ആവശ്യമെന്നും ഗുണ്ടകളെയല്ലെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ. ബസുകൾ തമ്മിൽ മത്സരയോട്ടം ഉണ്ടാകുമ്പോഴും വിദ്യാർത്ഥികളോടുള്ള പ്രശ്നത്തിന്റെ പേരിലും യുദ്ധം ചെയ്യാനിറങ്ങുന്ന ഗുണ്ടകൾ വേണ്ടതില്ല. അവരെയല്ല തൊഴിൽ നൽകി സഹായിക്കേണ്ടതെന്നും മന്ത്രി ബസ് ഉടമകളെ അറിയിച്ചു.