കലോത്സവ വേദികളിൽ കുട്ടികൾ മുഖ്യാതിഥികൾ

Thursday 27 November 2025 1:49 AM IST

ആലപ്പുഴ: സ്കൂളുകളിലെ പൊതുപരിപാടികളിൽ കുട്ടികൾക്ക് വേദിയിൽ പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന അഞ്ചാം ക്ലാസുകാരിയുടെ ആവശ്യത്തിന് ആലപ്പുഴ ജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽ ആദ്യ അംഗീകാരം. ഇതേ ആവശ്യമുന്നയിച്ച് ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥി ഭവികാലക്ഷ്മി വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചത് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് ഡി.ഡിമാർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കലോത്സവ വേദികളിൽ കുട്ടികൾക്ക് അവസരം നൽകാൻ ശ്രദ്ധിക്കണമെന്ന നിർദ്ദേശം മന്ത്രി നൽകുകയും ചെയ്തു.

കുട്ടികളെ മുഖ്യാതിഥികളാക്കണമെന്ന ആശയം ആലപ്പുഴ ഡി.ഡി ഇ.എസ് ശ്രീലതയും ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദുവും പങ്കുവച്ചതോടെ റിസപ്ഷൻ കമ്മിറ്റി പൂർണ പിന്തുണ നൽകി. തുടർന്ന്, 64ാമത് ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന കലോത്സവ ജേതാവ് ചേർത്തല ഹോളിഫാമിലി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവനന്ദൻ എസ്. മേനോൻ, ടെലിവിഷൻ സംഗീത റിയാലിറ്റി ഷോ താരം വള്ളികുന്നം കെ.കെ.എം ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥി എസ്. നിഹാര എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന കലോത്സവ റിസപ്ഷൻ കമ്മിറ്റിയും കുട്ടികൾക്ക് വേദി പങ്കിടാൻ അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.