ബില്ലുകൾ മാറ്റിവയ്ക്കാൻ ഗവർണർക്ക് എന്തധികാരം: ജസ്റ്റിസ് ജെ.ചെലമേശ്വർ
കോഴിക്കോട്: തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ നൽകുന്ന ബില്ലുകൾ മാറ്റിവയ്ക്കാൻ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ലാത്ത ഗവർണർക്ക് എന്താണ് അധികാരമെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് ജെ.ചെലമേശ്വർ. കോടതികളിൽ കേസുകൾ അനന്തമായി നീളുന്നുവെന്നു വിമർശിക്കുന്നവർ, ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി കോടതികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടോയെന്നു നോക്കിയിട്ടില്ല. ജില്ലാ കോടതിയിലും പരമാവധി ഹൈക്കോടതിയിലും തീരേണ്ട ജാമ്യാപേക്ഷകൾ ഇപ്പോൾ സുപ്രീം കോടതിയിലാണെത്തുന്നതെന്നും ജസ്റ്റിസ് ജെ.ചെലമേശ്വർ പറഞ്ഞു. 'വി.എസ് ഓർമയിൽ കേരളം' പരിപാടിയുടെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരിക്കെ, വി.എസ്.അച്യുതാനന്ദനെ കണ്ടപ്പോൾ, ജഡ്ജി നിയമനത്തിൽ ഒരു പ്രധാന സമുദായത്തെ പരിഗണിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ആരുടെയും പേര് അദ്ദേഹം നിർദേശിച്ചില്ല. എളിമയും പക്വതയുമുള്ള നേതാവായിരുന്നു അദ്ദേഹം. എനിക്കറിയാവുന്ന പല മുഖ്യമന്ത്രിമാരും അങ്ങനെയായിരുന്നില്ല. ജഡ്ജിമാരുടെ നിയമനങ്ങളിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ കാഴ്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.