പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്ന് തന്ത്രി രാജീവര്

Thursday 27 November 2025 12:05 AM IST

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയെ താനല്ല ശബരിമലയിൽ കൊണ്ടുവന്നതെന്ന് കണ്ഠരര് രാജീവര് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ശബരിമലയിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണ്. അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകുക മാത്രമാണ് തന്ത്രിയുടെ ഉത്തരവാദിത്വം. ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്. അതൊക്കെ എങ്ങനെ തനിക്കറിയാമെന്നും അനുജ്ഞ കൊടുക്കുക എന്ന ഒറ്റ ഉത്തരവാദിത്തമേ തനിക്കുള്ളൂവെന്നും തന്ത്രി വ്യക്തമാക്കി. തന്ത്രിമാരുമായുള്ള സൗഹൃദമുപയോഗിച്ചാണ് അന്യസംസ്ഥാനങ്ങളിലെ സമ്പന്നന്മാരുമായി താൻ ബന്ധം സ്ഥാപിച്ചതെന്നും നിരവധിയിടങ്ങളിൽ തന്ത്രിയെ പൂജയ്ക്കായി കൊണ്ടുപോയിട്ടുണ്ടെന്നും നേരത്തേ ഉണ്ണികൃഷ്ണൻ പോറ്രി എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.

സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനുള്ള തീരുമാനമെടുത്തത് ബോർഡിലെ ഉന്നതതരാണെന്ന് പ്രതിയായ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകി. ദ്വാരപാലക ശില്പങ്ങൾ അഴിച്ചുകൊണ്ടുപോയപ്പോഴും തിരിച്ചുകൊണ്ടുവന്നപ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ. തനിക്കു മുൻപ് ചുമതല ഉണ്ടായിരുന്ന മുരാരി ബാബുവാണ് എല്ലാ കാര്യങ്ങളും ചെയ്തത്. മഹസർ തയ്യാറാക്കിയത് ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, എക്‌സിക്യൂട്ടീവ് ഓഫിസർ എന്നിവരുടെ നിർദേശ പ്രകാരമാണെന്നും മൊഴിയിലുണ്ട്. മഹസറിൽ സാക്ഷിയായാണ് താൻ ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.