സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോ മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം

Thursday 27 November 2025 12:20 AM IST

കോന്നി: സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി വീടുകളിലേക്ക് മടങ്ങിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളുടെ ജീവൻ പൊലിഞ്ഞു. തണ്ണിത്തോട് കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. തുമ്പക്കുളം വാഴപ്ലാവിൽ ഷിജിന്റെ മകൾ മൂന്നാംക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി (മുത്ത് 8), തൂമ്പക്കുളം തൈപ്പറമ്പിൽ മന്മഥന്റെ മകൻ എൽ.കെ.ജി വിദ്യാർത്ഥി യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ വെട്ടിച്ചതോടെ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.45നാണ് അപകടം.

മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ ജുവൽ സാറാ തോമസിന്റെ നില ഗുരുതരമാണ്. ആറുകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദിവസവും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും ഓട്ടോറിക്ഷയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പല കരണം മറിഞ്ഞ് കല്ലാറിന്റെ കൈവഴിയായ തോട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആദിലക്ഷ്മിയെയും മറ്റും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യദുകൃഷ്ണയെ കണ്ടെത്താനായില്ല. ഏറെനേരത്തെ തെരച്ചിലിനൊടുവിൽ രാത്രി എട്ടുമണിയോടെ തോട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തൂമ്പാക്കുളം ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൻ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർക്കും ഒരു കുട്ടിക്കും പരിക്കില്ല.