എസ്.ഐ.ആർ: സുപ്രീംകോടതി തീരുമാനം ഡിസംബർ രണ്ടിനറിയാം
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്.ഐ.ആർ പ്രക്രിയ നിറുത്തിവയ്‌ക്കണോയെന്ന് ഡിസംബർ രണ്ടിന് സുപ്രീംകോടതി തീരുമാനിക്കും. ഇടപെടേണ്ട പ്രത്യേക സാഹചര്യം അന്ന് പരിശോധിക്കാമെന്നാണ് ഇന്നലെ വ്യക്തമാക്കിയത്. പിന്നെ, ഒരാഴ്ച മാത്രമേ വോട്ടെടുപ്പിന് ശേഷിക്കുന്നുള്ളൂ.
കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂവെന്ന് ഇന്നലെ കോടതി പറഞ്ഞെങ്കിലും കേരളത്തിലെ സാഹചര്യം വ്യത്യസ്‌തമല്ലേയെന്ന്ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചു. എസ്.ഐ.ആറിനും തദ്ദേശ തിരഞ്ഞെടുപ്പിനും വെവ്വേറെ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഡിസം.നാലിന് വിവരശേഖരണം പൂർത്തിയാക്കി ഡിസം.ഒൻപതിന് കരട് വോട്ടർ പട്ടിക പുറത്തുവിടുമെന്നുമാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
എസ്.ഐ.ആർ നടപടിയിൽ തത്‌സ്ഥതി റിപ്പോർട്ട് അടുത്ത തിങ്കളാഴ്ചയ്‌ക്കകം കമ്മിഷൻ സമർപ്പിക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സത്യവാങ്മൂലം സമർപ്പിക്കണം. സംസ്ഥാന സർക്കാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് ഹർജിക്കാർ.