സ്വർണക്കൊള്ള: എസ്.ഐ.ടി ചോദ്യമുനയിൽ പത്മകുമാർ, ഇന്ന് വൈകിട്ടുവരെ കസ്റ്റഡിയിൽ

Thursday 27 November 2025 12:18 AM IST

ഉത്തരവാദി ബോർഡെന്ന് തന്ത്രിമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുടെ ചുരുളഴിക്കാൻ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വിശദമായി ചോദ്യംചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികളും ശ്രീകോവിലിന്റെ കട്ടിളയുമടക്കം കൈമാറിയ തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്? എന്തായിരുന്നു ലക്ഷ്യം? വിദേശയാത്രകളുടെ ലക്ഷ്യമെന്ത്? അനുഗമിച്ചത് ആരൊക്കെ?വിദേശത്ത് ആരെയൊക്കെ കണ്ടു? എന്നിവയടക്കം ചോദിച്ചറിയും. പോറ്റിയുമായുള്ള സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും തേടും. ആറന്മുളയിലെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളെക്കുറിച്ചും വ്യക്തത വരുത്തും. ഇന്ന് വൈകിട്ട് 5വരെയാണ് പത്മകുമാറിനെ എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടത്.

അതിനിടെ, ബോർഡ് നേതൃത്വവും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോവാൻ അനുമതി നൽകിയതെന്ന് തന്ത്രിമാർ എസ്.ഐ.ടിക്ക് മൊഴി നൽകി. കണ്ഠരര് രാജീവരരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയാണ് എസ്‌.ഐ.ടി രേഖപ്പെടുത്തിയത്. തന്ത്രിയുടെ ചുമതല ദൈവഹിതം നോക്കി താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയാണ്. സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടപ്പോഴാണ് അനുമതി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു. 2008മുതൽ പോറ്റി ശബരിമലയിൽ കീഴ്‌ശാന്തിയായുണ്ട്.