കെ -റീപ്പ് സോഫ്‌റ്റ്‌വെയർ പാളി, കേരളയിൽ ബിരുദ രജിസ്ട്രേഷൻ പെരുവഴിയിൽ
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപ് സോഫ്‌റ്റ്‌വെയറിലാക്കാനുള്ള തിരക്കിട്ട നീക്കം പാളിയതോടെ കേരള സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് രജിസ്ട്രേഷൻ താളം തെറ്റി. ജൂലായിൽ ആരംഭിച്ച ഒന്നാം സെമസ്റ്റർ കോഴ്സിന്റെ രജിസ്ട്രേഷൻ ഇതുവരെ പൂർത്തിയായിട്ടില്ല. രജിസ്ട്രേഷനുള്ള അവസാന തീയതി 24ൽ നിന്ന് 26ലേക്കും 29ലേക്കും മാറ്റിയെങ്കിലും മൂന്നിലൊന്ന് കോളേജുകളിൽ പോലും കോഴ്സ് രജിസ്ട്രേഷൻ പൂർത്തിയായിട്ടില്ല. കോഴ്സ് രജിസ്ട്രേഷൻ കഴിഞ്ഞാലേ പരീക്ഷാ രജിസ്ട്രേഷൻ സാധിക്കൂ. അതിനാൽ പരീക്ഷയും നീളും.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ-റീപ് (കേരള റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ്) സോഫ്‌റ്റ്‌വെയർ നിർബന്ധമാക്കിയിരുന്നു. കുട്ടികളുടെ കോഴ്സ് സെലക്ഷൻ മുതൽ കോളേജ് യൂണിവേഴ്സിറ്റി ട്രാൻസ്ഫർ വരെ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞവർഷം ഇത് പ്രവർത്തനക്ഷമമായില്ല.
ആവശ്യത്തിന് മുന്നൊരുക്കമില്ലാതെ മുൻപരിചയമില്ലാത്ത കരാറുകാരെ സോഫ്റ്റ്‌വെയർ നിർമ്മാണം ഏൽപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മഹാരാഷ്ട്ര കമ്പനിയാണ് സോഫ്‌റ്റ്‌വെയർ ജോലികൾ ചെയ്യുന്നത്. ആധാർ അടക്കം ഒന്നേകാൽലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങൾ മഹാരാഷ്ട്ര കമ്പനിയുടെ സോഫ്‌റ്റ്‌വെയറിലേക്ക് നൽകാനാവില്ലെന്ന് കേരളസർവകലാശാല നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു.