പത്മകുമാറിനെ വിലങ്ങ് വയ്ക്കരുതെന്ന് നിർദ്ദേശം

Thursday 27 November 2025 1:43 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ വിലങ്ങ് അണിയിക്കരുതെന്ന് പൊലീസിന് എസ്.ഐ.ടിയുടെ നിർദേശം. മുൻ എം.എൽ.എകൂടിയാണ് പത്മകുമാർ. ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ.വാസുവിനെ വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ഈ നിർദ്ദേശം നൽകിയത്. പൂജപ്പുര ജയിലിൽ നിന്ന് കൊല്ലത്തെ കോടതിയിലേക്ക് എ.ആർ ക്യാമ്പിലെ പൊലീസുകാരാണ് പത്മകുമാറിനെ കൊണ്ടുപോയത്. ഇവർക്കാണ് വിലങ്ങു വയ്ക്കരുതെന്ന നിർദ്ദേശം ഉന്നതർ നൽകിയത്. വാസുവിനെ വിലങ്ങു വച്ചത് നിയമവിരുദ്ധമാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. വിലങ്ങുവച്ച് വാസുവിനെ കോടതിയിൽ ഹാജരാക്കിയത് സുരക്ഷ ഉറപ്പാക്കാനായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽ അധികൃതരുടെ നിർദ്ദേശം. ഇതുപ്രകാരം ഒരുകൈയിൽ പ്രതിയുടെ അനുമതിയോടെയാണ് വിലങ്ങ് വച്ചത്. കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിപ്പിച്ചു. എസ്.ഐ.ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇതെന്നും ബോധപൂർവ്വം ചെയ്തതല്ലെന്നുമാണ് എ.ആർ ക്യാമ്പിലെ പൊലീസുകാരുടെ വിശദീകരണം. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് കൈവിലങ്ങ് വയ്ക്കേണ്ടത് തുടങ്ങിയവയൊന്നും പരിഗണിച്ചില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.