നാടകത്തിൽ കോന്നി, അരങ്ങിൽ "ആൽക്കമിസ്റ്റ്"
കോഴഞ്ചേരി : 67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ വിറ്റഴിഞ്ഞ നോവലായ പൗലോ കൊയ്‌ലോ രചിച്ച ദി ആൽക്കെമിസ്റ്റ് "ചൊപ്നത്തിലൂടെ " എന്ന നാടകാവിഷ്കാരമായപ്പോൾ കോന്നിക്ക് നേട്ടം. റിപ്പബ്ലിക്കൻ വി.എച്ച്.എസ് സ്കൂളിലെ കുട്ടികൾ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിനാണ് പൗലോ കൊയ്‌ലോയെ കൂട്ടുപിടിച്ചത്. നിധി തേടി പോകുന്ന മടിയന്റെ രസകരമായ യാത്രയുടെ കഥപറയുന്നതിനൊപ്പം നഷ്ടമാകുന്ന കാർഷിക സംസ്കൃതിയെ വീണ്ടെടുക്കുന്നതിനുള്ള ആഹ്വാനവും നാടകത്തിൽ പ്രതിഫലിച്ചു. കൊടുമൺ ഗോപാലകൃഷ്ണനാണ് നാടകം സംവിധാനം ചെയ്തത്. വിദ്യാർത്ഥികളായ ദിയ മനേഷ് ,വൈഗ സുരാജ് , മാളവിക വി.എസ്, ആർജിത.വി.എസ്, പ്രാർത്ഥനപ്രകാശ് , ആദിത്യാ ബിജു, ശ്രീദുർഗ്ഗ.എം ,ആവണി.എസ്, കീർത്തനരാജ്, അദ്വൈത് പ്രദീപ് എന്നിവർ അരങ്ങിലും അണിയറയിലും നിറഞ്ഞു. മടിയൻ കഥാപാത്രത്തെ അവതരിപ്പിച്ച ദിയ മനേഷ് മികച്ച നടിയായി. തുടർച്ചയായി പതിനാറാം വർഷവും റിപ്പബ്ലിക്കൻ സ്കൂളാണ് നാടക ജേതാക്കൾ.