നിവിക്യാപ് ബ്രാൻഡ് അംബാസഡറായി ജസ്റ്റിൻ ലാംഗർ
കൊച്ചി: ആസ്ട്രേലിയയിൽ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ സൊല്യൂഷൻസ് പ്ലാറ്റ്‌ഫോമായ ‘നിവിക്യാപ്' ഇന്ത്യൻ വിപണിയിലെത്തുന്നു. ആസ്ട്രേലിയയിലെ പ്രമുഖ ഫിൻടെക് ബ്രാൻഡുകളിലൊന്നായ സിക്സുവിന്റെ സ്ഥാപകനായ കാർത്തിക് ശ്രീനിവാസനാണ് നിവിക്യാപ്പിന് രൂപം നൽകിയത്. പ്രീ-അഡ്മിഷൻ മുതലുള്ള എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പിന്തുണയ്ക്കുകയാണ് നിവിക്യാപിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതു മുതൽ അപേക്ഷകൾ സമർപ്പിക്കൽ, ഫോറെക്സ് മാർഗനിർദേശങ്ങൾ എന്നിവയും മറ്റു സേവനങ്ങളും നൽകുന്ന സുരക്ഷിതമായ ഡിജിറ്റൽ സംവിധാനമാണ് നിവിക്യാപ്. ആസ്ട്രേലിയയുടെ ദേശീയ വ്യാപാര–നിക്ഷേപ ഏജൻസിയായ ഓസ്ട്രേഡ് നിവിക്യാപ്പിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ മുൻ പരിശീലകനുമായ ജസ്റ്റിൻ ലാംഗറാണ് നിവിക്യാപിന്റെ ബ്രാൻഡ് അംബാസഡർ.
ആസ്‌ട്രേലിയയിൽ പഠനം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കുകയെന്നതാണ് നിവിക്യാപിലൂടെ ലക്ഷ്യമിടുന്നതെന്ന് കാർത്തിക് ശ്രീനിവാസൻ വ്യക്തമാക്കി.