ഇന്ത്യൻ ഓഹരികളിൽ അതിശയ മുന്നേറ്റം
മുഖ്യ സൂചികകൾ റെക്കാഡിന് അരികെ
കൊച്ചി: ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ കുറച്ചേക്കുമെന്ന വാർത്തകൾ ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് വൻ ആവേശമായി. ഇതോടെ മുഖ്യ സൂചികകളായ സെൻസെക്സും നിഫ്റ്റിയും റെക്കാഡിന് തൊട്ടടുത്തെത്തി. സെൻസെക്സ് 1.022 പോയിന്റ് നേട്ടവുമായി 85,722.75ൽ അവസാനിച്ചു. നിഫ്‌റ്റി 320.5 പോയിന്റ് ഉയർന്ന് 26,205ൽ എത്തി. കഴിഞ്ഞ വർഷം സെപ്തംബർ 27ന് രേഖപ്പെടുത്തിയ റെക്കാഡ് ഉയരമായ 85,978ൽ നിന്ന് 300 പോയിന്റ് മാത്രം അകലെയാണ് സെൻസെക്സ് ഇപ്പോഴുള്ളത്. റെക്കാഡ് ഉയരമായ 26,277ലേക്ക് 150 പോയിന്റ് ദൂരത്തിൽ നിഫ്‌റ്റി വ്യാപാരം പൂർത്തിയാക്കി. വിദേശ നിക്ഷേപകർക്കൊപ്പം ആഭ്യന്തര ഫണ്ടുകളും വൻതോതിൽ വിപണിയിൽ പണമൊഴുക്കി. കമ്പനികളുടെ പ്രവർത്തന ഫലം മെച്ചപ്പെട്ടതും ക്രൂഡോയിൽ വിലയിലെ ഇടിവും നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ സജീവമായി.
അമേരിക്കയിലെ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും അടക്കമുള്ള കേന്ദ്ര ബാങ്കുകൾ പലിശ ഗണ്യമായി കുറച്ചേക്കുമെന്ന വാർത്തകളും അനുകൂലമായി. പാശ്ചാത്യ രാജ്യങ്ങളിൽ പലിശ കുറയുമ്പോൾ മികച്ച വരുമാനം തേടി ആഗോള നിക്ഷേപങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പണമൊഴുക്കുമെന്നാണ് വിലയിരുത്തുന്നത്.
മൊത്തം വിപണി മൂല്യം
4.23 ലക്ഷം കോടി രൂപ ഉയർന്ന്
473.65 ലക്ഷം കോടി രൂപയായി
അനുകൂല ഘടകങ്ങൾ
1. അമേരിക്കയിൽ പലിശ കുറഞ്ഞേക്കും
2. ക്രൂഡോയിൽ വില കുത്തനെ താഴുന്നു
3. റിസർവ് ബാങ്ക് പലിശ വീണ്ടും കുറച്ചേക്കും
4. ആഭ്യന്തര ഉപഭോഗം ഗണ്യമായി കൂടുന്നു