മത്സരത്തിലാണ് ഈ അമ്മയും മകളും

Thursday 27 November 2025 12:13 AM IST

കോഴഞ്ചേരി : അമ്മയും മകളും മത്സരരംഗത്താണ്. മകൾ കലോത്സവത്തിലും അമ്മ തദ്ദേശ തിരഞ്ഞെടുപ്പിലുമാണ് മത്സരിക്കുന്നത്. മോണോ ആക്ടിൽ മകൾ പദ്മ രതീഷ് വിജയം നേടി.

സ്ഥാനാർത്ഥി പ്രചരണത്തിനിടെയാണ് പ്രിയത ഭരതൻ മകളുടെ മത്സരം കാണാൻ കലോത്സവ വേദിയിൽ എത്തിയത്. മോണോ ആക്ടിന് തുടർച്ചയായി നാലാം തവണയാണ് പദ്മയ്ക്ക് ഒന്നാംസ്ഥാനം ലഭിക്കുന്നത്. പന്തളം നഗരസഭയിലെ പത്താം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയത ഭരതൻ തി​രഞ്ഞെടുപ്പ് പ്രചരണത്തിനിടെ മകൾക്ക് പ്രോത്സാഹനവുമായി എത്തിയതാണ്.

ബി എഡ് കോളേജ് അദ്ധ്യാപികയായ പ്രിയതാ ഭരതന്റെയും എം.ജി യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ ഡോ.രതീഷ് കുമാറിന്റെയും മകളാണ് പദ്മ. ഇത്തവണ പഹൽഗാമിലെ യുവതി​യെ അവതരിപ്പിച്ചാണ് ഒന്നാമത് എത്തിയത്. മുൻവർഷങ്ങളിൽ വാളയാർ പെൺകുട്ടികളുടെ വിഷയം ,നരബലി, ഗാസയിലെ ഗർഭിണി തുടങ്ങിയ സമകാലിക വിഷയങ്ങളുമായാണ് അരങ്ങി​ൽ എത്തി​യത്. കഴിഞ്ഞ വർഷം മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു.