ശ്രീനാരായണഗുരു യൂണി. സംസ്ഥാന കലോത്സവം കോഴിക്കോട്ട്

Thursday 27 November 2025 1:26 AM IST

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2-ാമത് സംസ്ഥാന കലോത്സവം നാളെ മുതൽ 30 വരെ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. സോണൽ കലോത്സവ മത്സര വിജയികളാണ് മാറ്റുരയ്ക്കുക.

യൂണിവേഴ്സിറ്റിയുടെ കൊല്ലം,തൃപ്പൂണിത്തുറ,കോഴിക്കോട്,പട്ടാമ്പി,തലശ്ശേരി റീജിയണൽ കേന്ദ്രങ്ങളുടെ കീഴിൽ 45 പഠന കേന്ദ്രങ്ങളാണുള്ളത്.

28ന് വൈകിട്ട് 4ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.ടി.മുരളി,നിലമ്പൂർ ആയിഷ എന്നിവർ മുഖ്യാതിഥികളാകും. വൈസ് ചാൻസലർ പ്രൊഫ.ഡോ. ജഗതി രാജ്. വി.പി അദ്ധ്യക്ഷനാകും. തുടർന്ന് മത്സരങ്ങൾ അരങ്ങേറും. 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ്‌ അംഗം മധുപാൽ മുഖ്യാതിഥിയാകും.

കൂടുതൽ പോയിന്റ് നേടുന്ന റീജിയണൽ കേന്ദ്രത്തിന് ഓവറോൾ ജേതാക്കൾക്കുള്ള ട്രോഫിയും വ്യക്തിഗത മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവർക്ക് കലാതിലകം,കലാപ്രതിഭ,കലാരത്നം പുരസ്കാരങ്ങളും നൽകും. സംസ്ഥാന കലോത്സവ വിജയികൾക്ക് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരവും ഗ്രേസ് മാർക്കും ലഭിക്കും.

വാർത്താസമ്മേളനത്തിൽ വി.സി ഡോ. ജഗതി രാജ്.വി.പി,സിൻഡിക്കേറ്റ് അംഗം ഡോ.സി.ഉദയകല,ഡോ. പ്രദീപ് കുമാർ.കെ, പി.ആർ.ഒ ശാലിനി. കെ.എസ് എന്നിവർ പങ്കെടുത്തു.