മൺറോത്തുരുത്തിലുണ്ട് പവിത്രേശ്വരത്തും, സ്ഥാനാർത്ഥി ഡബിളാ, ഡബിൾ

Thursday 27 November 2025 12:34 AM IST

വിനിതയും സുനിതയും

കൊല്ലം: 'ആരാണ് ഞങ്ങളുടെ സ്ഥാനാർത്ഥി"- മൺറോത്തുരുത്തിലെയും പവിത്രേശ്വരത്തെയും വോട്ടർമാർ 'ഇരട്ട" കൺഫ്യൂഷനിലാണ്. പേരിൽ മാത്രം വ്യത്യാസമുള്ള ഇരട്ട സഹോദരിമാരാണ് ആ 'ഇരട്ട" കൺഫ്യൂഷൻ. ഇരട്ട സഹോദരിമാരായ എ. വിനിതയും എ. സുനിതയുമാണ് സി.പി.ഐ ടിക്കറ്റിൽ ഇവിടെ ജനവിധി തേടുന്നത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ പഴയചിറ വാർഡിലാണ് സുനിത മത്സരിക്കുന്നത്. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ കിടപ്രം വടക്ക് വാർഡിലാണ് എ. വിനിതയുടെ മത്സരം. ക്ഷീരസംഘം സെക്രട്ടറിയായ വിനിത സി.പി.ഐ മൺറോത്തുരുത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്.

38കാരായ ഇരുവരും മൺറോത്തുരുത്ത് പെരിങ്ങാലം കിടപ്രം സുജിത്ത് ഭവനത്തിൽ പി. സോമന്റെയും എൻ.അംബികയുടെയും മക്കളാണ്. ചെമ്മീൻ കൃഷി ചെയ്തിരുന്ന സോമൻ സി.പി.എം പ്രവർത്തകനാണ്. വീട്ടുകാർക്കുപോലും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ് ഇരുവരും വളർന്നത്.

16 വർഷം മുമ്പ് അമ്മാവന്റെ മകൻ കിടപ്രം ദേവാനന്ദത്തിൽ എം. വിനോദ് കുമാറിനെ വിനിത വിവാഹം ചെയ്‌തു. രണ്ട് വർഷത്തിന് ശേഷമായിരുന്നു പുത്തൂർ പാങ്ങോട് കേരളകൗമുദിയുടെ പത്രഏജന്റ് സുനിൽ ബാബുവുമായുള്ള സുനിതയുടെ വിവാഹം.

വിനിതയെ സ്ഥാനാർത്ഥിയാക്കാനാണ് സി.പി.ഐ ആദ്യം തീരുമാനിച്ചത്. വിനിതയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി സുനിതയും സ്ഥാനാർത്ഥിയായത്. ഇടയ്‌ക്കൊരുദിവസം സുനിത മൺറോത്തുരുത്തിലും വിനിത പവിത്രേശ്വരത്തും പ്രചാരണത്തിനിറങ്ങാനാണ് തീരുമാനം. ഓട്ടോ ഡ്രൈവറായ സുജിത്താണ് സഹോദരൻ.