സ്വർണക്കൊള്ള: രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യഹർജി 28ലേക്ക് മാറ്റി
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിലെ നാലാംപ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, ആറാം പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി 28ലേക്ക് മാറ്റി. സർക്കാർ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജികൾ മാറ്റിയത്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും അതുവരെ നീട്ടി.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീക്കെതിരായ ആരോപണം. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീകുമാർ. വിചാരണക്കോടതികൾ മുൻകൂർജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
എ. പത്മകുമാർ ഇന്ന് വൈകിട്ട് വരെ കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള കേസിലെ എട്ടാം പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഇന്ന് വൈകിട്ട് നാലുവരെ എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടു. ഹൈക്കോടതിയിലേക്കുള്ള അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ പത്മകുമാറിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജഡ്ജി സി.മോഹിതിന്റെ നടപടി. പത്മകുമാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്.ഐ.ടിക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ സിജു രാജൻ പറഞ്ഞു. പത്മകുമാർ നടത്തിയ വിദേശയാത്രകളിലും വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാടുകളുടെ രേഖകളിലും വ്യക്തത വരുത്തണം. മറ്റു പ്രതികളുമായുള്ള ബന്ധവും കണ്ടെത്തണം.
മുരാരി ബാബുവിന് ജാമ്യമില്ല ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബാബു ചാർജെടുക്കുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ നൽകാൻ ഉത്തരവായെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കൈമാറ്റം നടന്നപ്പോൾ മഹസർ തയ്യാറാക്കാത്തത് കുറ്റകരമെന്ന് കോടതി വിലയിരുത്തി. ബാബുവിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളും മൊഴികളുമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദ്വാരപാലക ശില്പങ്ങൾക്കായുള്ള ശുപാർശ കത്തിൽ ബാബു നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഗൂഢാലോചനയിൽ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായും ബന്ധമുണ്ടായിരുന്നു.