@ ജനറൽ സീറ്റിൽ സ്ത്രീകൾക്ക് പരിഗണന അങ്കംവെട്ടാൻ അംഗനമാർ
കോഴിക്കോട്: സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ കോഴിക്കോട് കോർപ്പറേഷനിലെ ജനറൽ ഡിവിഷനുകളിൽ അങ്കത്തിനിറങ്ങുന്നത് ഏറെയും വനിതകൾ. 21 വയസുള്ളവർ മുതൽ ജോലിയിൽ നിന്ന് വിരമിച്ചവർവരെയുണ്ട് മത്സരത്തിൽ. എൽ.ഡി.എഫിൽ മൊകവൂരിൽ തുഷാര.എസ്.എം, കോട്ടൂളിയിൽ ഡോ. എസ് ജയശ്രീ, ബേപ്പൂരിൽ തോട്ടുങ്ങൽ രജനി, പുതിയങ്ങാടിയിൽ പി പ്രസീന, അത്താണിക്കലിൽ ആഷിക എന്നിവരാണുള്ളത്. ലീഗിനോടുള്ള അതൃപ്തിയെ തുടർന്ന് പാർട്ടി വിട്ട് ആർ.ജെ.ഡിയിൽ ചേർന്ന നിലവിലെ കൗൺസിലർ കെ.റംലത്ത് ഇത്തവണ മൂന്നാലിങ്കലിൽ തന്നെയാണ് പൊരുതാനിറങ്ങുന്നത്. നേരത്തെ ആർ.ജെ.ഡി നേതാവ് തോമസ് മാത്യുവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. റംലത്ത് വന്നതോടെ തോമസ് പിൻമാറി. തുഷാരയും എസ് ജയശ്രീയും പി പ്രസീനയും സിറ്റിംഗ് സീറ്റിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ ചേരവമ്പലത്ത് എം കൃഷ്ണമണിയും കൊമ്മേരിയിൽ കവിതയുമാണ്. യു.ഡി.എഫ് സ്വതന്ത്രയായാണ് കവിത ഇക്കുറിയും മത്സരിക്കുന്നത്. ബി.ജെ.പിയിൽ ബേപ്പൂർ പോർട്ടിൽ വിന്ധ്യസുനിൽ, നടുവട്ടം രമ്യ മുരളി, അത്താണിക്കലിൽ ശുഭലത രമേശ്, പുതിയങ്ങാടിയിൽ ജിഷ ഷിജു, ചേവരമ്പലത്ത് സരിത പറയേരി, മാങ്കാവിൽ സുപ്രിയ ശ്രീധരൻ, എരഞ്ഞിപ്പാലത്ത് ആനി സ്റ്റെഫി എന്നിവരാണ് രംഗത്തുള്ളത്. സരിത പറയേരി സിറ്റിംഗ് സീറ്റിലാണ് ഇക്കുറിയും ജനവിധി തേടുന്നത്. ഇവർക്കൊപ്പം അപരൻമാരും ജനറൽ വാർഡുകളിൽ രംഗത്തുണ്ട്.