@ കോടതി നടപടി ആശ്വാസം കെ.ജി രവീന്ദ്രനൊപ്പം ഉറച്ച് യു.ഡി.എഫ്
കൽപ്പറ്റ: 'സർവീസ് കാലയളവിൽ ഒരു രൂപയുടെ കൈക്കൂലി വാങ്ങാത്ത തന്നെ അഴിമതിക്കാരനാക്കി. എനിക്കും കുടുംബത്തിനും വലിയ മാനഹാനി ഉണ്ടാക്കി. സ്ഥാനാർത്ഥിത്വം തള്ളിച്ചു '. കൽപ്പറ്റ നഗരസഭയിലേക്ക് ചെയർമാൻ സ്ഥാനാർത്ഥിയായി യു.ഡി.എഫ് നിർദ്ദേശിച്ച കെ.ജി രവീന്ദ്രന്റെ വാക്കുകളിൽ നാമനിർദ്ദേശപത്രിക തള്ളിയതിലുള്ള പ്രതിഷേധമായിരുന്നില്ല. പൊതുജനമദ്ധ്യത്തിൽ കള്ളനെന്ന് വിളിച്ചതിലുള്ള അമർഷമായിരുന്നു. കെ.ജി രവീന്ദ്രന്റെ പത്രിക തള്ളിയ വരണാധികാരിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. വരണാധികാരിയുടേത് നിയമവിരുദ്ധ നടപടിയെന്ന് വിലയിരുത്തുകയും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഭരണഘടനാപരമായ തടസമുള്ളതിനാൽ കേസിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇരുപത്തി മൂന്നാം ഡിവിഷൻ വെള്ളാരംകുന്നിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ കെ.ജി രവീന്ദ്രൻ മുൻ കൽപ്പറ്റ നഗരസഭ സെക്രട്ടറി കൂടിയാണ്.
കൽപ്പറ്റ നഗരസഭ സെക്രട്ടറിയായിരിക്കെ ഫുട്‌ബോൾ ടൂർണമെന്റിന് നികുതി ഇളവ് നൽകിയ നടപടിയിലെ ഓഡിറ്റ് ഒബ്ജക്ഷനുമായി ബന്ധപ്പെട്ട നടപടികളുടെ പേരിലാണ് രവീന്ദ്രന്റെ നാമനിർദ്ദേശ പത്രിക നഗരസഭ വരണാധികാരി ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തള്ളിയത്. ഈ നടപടിക്കെതിരെയാണ് കെ.ജി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. നിയമ പോരാട്ടത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്‌ശേഷം ഹൈക്കോടതി കേസ് വീണ്ടും കേൾക്കും. നിയമവിരുദ്ധമായി നാമനിർദ്ദേശപത്രിക തള്ളിയ സാഹചര്യത്തിൽ വാർഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി കെ.ജി രവീന്ദ്രന് മത്സരിക്കാൻ അവസരം ഒരുക്കണമെന്നാണ് യു.ഡി.എഫ് ആവശ്യം. പട്ടിക വർഗക്കാർക്ക് സംവരണം ചെയ്ത ചെയർമാൻ പദവിയിൽ ചെയർമാനായി പരിഗണിച്ചിരുന്നത് കെ.ജി രവീന്ദ്രനെയാണ്. രവീന്ദ്രന്റെ പത്രിക തള്ളിയതോടെ ഡമ്മി സ്ഥാനാർത്ഥി സി.എസ് പ്രഭാകരൻ വാർഡിൽ ജനവിധിതേടും. ഈ വാർഡിൽ എൽ.ഡി.എഫ് വിജയിച്ചാൽ നിയമ പോരാട്ടം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം.