മൂന്ന് മുന്നണികളും പിന്നെ ജനകീയ മുന്നണിയും ശ്രദ്ധേയമായി മണ്ണാർക്കാട് നഗരസഭ
മണ്ണാർക്കാട്: മൂന്നു മുന്നണിയുടെയും സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടത്തിനൊപ്പം സി.പി.എമ്മിനെതിരെ മത്സരിക്കുന്ന ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥികളുടെയും മറ്റു സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും സാന്നിദ്ധ്യംകൊണ്ടാണ് ഇക്കുറി മണ്ണാർക്കാട് നഗരസഭാ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാവുക. ആകെയുള്ള 29 വാർഡിൽ കഴിഞ്ഞ തവണ മുസ്ലിം ലീഗും സി.പി.എമ്മും 11 വീതം സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പിയും കോൺഗ്രസും മൂന്ന് വീതവും കോൺഗ്രസ് വിതമൻ ഒരു സീറ്റും നേടി. കോൺഗ്രസ് വിമതന്റെ കൂടി പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഇത്തവണ നഗരസഭയിൽ ഒരു വാർഡ് കൂടി ആകെ 30 വാർഡുകളാണുള്ളത്. ആറ് വാർഡിൽ ഇത്തവണ പോരാട്ടം ശക്തമാണ്. നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീറും സിറ്റിംഗ് കൗൺസിലറായ എൽ.ഡി.എഫിലെ കെ.ആർ.സിന്ധുവും മത്സരിക്കുന്ന പെരിമ്പടാരി വാർഡാണ് ഏവരും ഉറ്റുനോക്കുന്നത്. സി.മുഹമ്മദ് ബഷീർ മത്സരിച്ചിരുന്ന വാർഡ് വനിതാ സംവരണമായതോടെയാണ് ഇദ്ദേഹം പെരിമ്പടാരിയിൽ മത്സരിക്കുന്നത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണിത്. സിറ്റിംഗ് കൗൺസിലറെന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഗുണകരമാകുമ്പോൾ നഗരസഭാദ്ധ്യക്ഷൻ മത്സരിക്കുന്നു എന്ന പെരുമയുമായാണ് യു.ഡി.എഫ് വാർഡിൽ പ്രചാരണം നടത്തുന്നത്. എൽ.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളിയായി ജനകീയ മതേതര മുന്നണിയുടെ അക്ബർ പാലോത്തും ഇവിടെ മത്സരിക്കുന്നുണ്ട്. കള്ളവോട്ടുകൾ ചേർത്തുവെന്നും വോട്ടർമാരെ വെട്ടിയെന്നും ആരോപണമുയർന്ന ചോമേരി വാർഡ് ആണ് എൽ.ഡി.എഫ്, യു.ഡി.എഫ് പോരാട്ടം ശക്തമായ മറ്റൊരു വാർഡ്. യു.ഡി.എഫിനായി സമീർ ചോമേരിയും എൽ.ഡി.എഫിനായി അനീസ് ഗസൻഫറുമാണ് നേർക്കുനേർ വന്നിട്ടുള്ളത്. വടക്കുമണ്ണം വാർഡിലും മത്സരം ശക്തമാകും. സവാദ് (എൽ.ഡി.എഫ്), ജലീൽ (യു.ഡി.എഫ്) എന്നിവർക്കു പുറമെ മതേതര ജനകീയ മുന്നണി സ്ഥാനാർത്ഥി ഹരിപ്രസാദും ആർ.എസ്.പി.യുടെ അബ്ദുൾ കരീമും ഇവിടെ മത്സരിക്കുന്നുണ്ട്. 15-ാം വാർഡ് ആൽത്തറയിലും ശക്തമായ ത്രികോണമത്സരം നടക്കും. യു.ഡി.എഫിലെ കെ.ബാലകൃഷ്ണൻ, എൽ.ഡി.എഫിലെ ഹസൻ മുഹമ്മദ്, ബിജു നെല്ലമ്പാനി(എൻ.ഡി.എ) എന്നിവർ മത്സരിക്കുമ്പോൾ ജനകീയ മതേതര മുന്നണി സ്ഥാനാർത്ഥിയും രംഗത്തുണ്ട്. വിനായക നഗറിൽ കൗൺസിലർമാരായ അരുൺകുമാർ പാലക്കുർശ്ശി (യു.ഡി.എഫ്), സി.പി.പുഷ്പാനന്ദ് (എൽ.ഡി.എഫ്) എന്നിവരുടെ പ്രകടനം വിജയസാധ്യതകളെ മാറ്റിമറിക്കും.
നിലവിലെ കക്ഷിനില
ആകെ സീറ്റ്-29
(2025ൽ 30)
സി.പി.എം-11
മുസ്ലിം ലീഗ്-11
കോൺഗ്രസ്-3
സ്വതന്ത്രൻ-1
ബി.ജെ.പി-3