ശമ്പളം നൽകാതെ ഭീഷണിപ്പെടുത്തി

Thursday 27 November 2025 12:05 AM IST

കൊല്ലം: ജോലിക്കിടെ അപകടത്തിൽ പരിക്കേറ്റ തൊഴിലാളിക്ക് ശമ്പളം നൽകാതെ കടയുടമ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ സെപ്തംബർ 28നാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ തട്ടുകടയിൽ കുക്കർ പൊട്ടിത്തെറിച്ച് ഇല്ല്യാസിന് ഗുരുതരമായി പരിക്കേറ്റത്. ഇല്ല്യാസിന്റെ ഇടതുകാൽ ഒടിയുകയും പൊള്ളലേൽക്കുകയും ചെയ്തു. വലത് ഭാഗത്തെ വാരിയെല്ലിനും പൊട്ടലുണ്ട്. ഉടൻ ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാല് വർഷമായി കടയിലെ തൊഴിലാളിയാണ്. ശമ്പളയിനത്തിൽ നാലായിരത്തോളം രൂപയാണ് കിട്ടാനുള്ളത്. കേസുമായി പോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇല്യാസ് ആരോപിച്ചു. ഈസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും കളക്ടർക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകിയെന്നും ഇല്യാസ് പറഞ്ഞു.