ചെലവ് മാനദണ്ഡം പാലിക്കണം
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നിശ്ചയിച്ചിട്ടുള്ള ചെലവ് പരിധി കൃത്യമായി പാലിക്കുകയും കണക്ക് സമർപ്പിക്കുകയും വേണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25000, ബ്ലോക്ക് പഞ്ചായത്തിൽ 75000, ജില്ലാ പഞ്ചായത്തിൽ 150000, മുനിസിപ്പാലിറ്റിയിൽ 75000, കോർപ്പറേഷനിൽ 150000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം കണക്ക് നൽകണം. www.sec.kerala.gov.in വെബ് സൈറ്റിൽ 'ഇലക്ഷൻ എക്സ്പെൻഡിച്ചർ മോഡ്യൂളി'ൽ കണക്ക് സമർപ്പിക്കാം. വീഴ്ച വരുത്തിയാൽ അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.