കേരളം മാവോയിസ്‌റ്റ് മുക്തം: 5 കേസുകളിൽ അന്വേഷണം അന്തിമഘട്ടത്തിൽ

Thursday 27 November 2025 1:06 AM IST

കൊച്ചി: നക്‌സൽ, മാവോയിസ്റ്റ് മുക്തരാജ്യമെന്ന കേന്ദ്രസർക്കാർ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിലെ അഞ്ച് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേരളത്തെ നക്‌സൽ ഭീഷണിമുക്തമായി ഏഴുമാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

കീഴടങ്ങിയാൽ പുനരധിവാസം ഉറപ്പാക്കാമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം സ്വീകരിച്ചാണ് മാവോയിസ്റ്റുകൾ സായുധപോരാട്ടം അവസാനിപ്പിച്ചത്. പ്രമുഖ നേതാക്കൾ അറസ്റ്റിലാവുകയോ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ ചെയ്തത് മാവോയിസ്റ്റ് പ്രവർത്തനം ദുർബലമാക്കി. സംഘടനയിലേക്ക് യുവാക്കൾ വരാത്തതും ശക്തിനശിപ്പിച്ചിരുന്നു.

തുടർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സോണൽകമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കീഴടങ്ങാമെന്ന് അറിയിച്ചത്. വയനാട്ടിൽ കീഴടങ്ങിയ ലിജേഷിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പണം കൈമാറിയത്. ലിജേഷിന് എറണാകുളത്ത് വീട് നിർമ്മിച്ചുനൽകുന്നതുവരെ താമസിക്കാനുള്ള വാടകവീടിന്റെ താക്കോലും മുഖ്യമന്ത്രി കൈമാറി. ഇങ്ങനെ നിരവധി പേർ കീഴടങ്ങിയതായാണ് വിവരം.

പാർട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായ മല്ലോജുല വേണുഗോപാൽ റാവു സന്നദ്ധത അറിയിച്ചത് നക്‌സൽ ഭീഷണി അവസാനിക്കുന്നതിൽ നിർണായകമാണെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.

പ്രവർത്തനം നിലച്ചു

കഴിഞ്ഞ ഏപ്രിൽ ആദ്യവാരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തെ നക്‌സൽ, മാവോയിസ്റ്റ് ഭീഷണിമുക്തമായി പ്രഖ്യാപിച്ചത്. വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെയാണ് മുമ്പ് നക്‌സൽ ഭീഷണിയിൽ ഉൾപ്പെടുത്തിയിരുന്നത്.

അർബൻ നക്‌സലുകൾ എന്ന് വിളിക്കപ്പെടുന്ന അനുഭാവികൾ നാമമാത്രമായി ഉണ്ടെങ്കിലും പ്രവർത്തനം പൂർണമായി നിലച്ചെന്ന് രഹസ്യാന്വേഷണ ഏജൻസി കേരളകൗമുദിയോട് പറഞ്ഞു. എൻ.ഐ.എ അന്വേഷിക്കുന്ന അഞ്ച് നക്‌സൽ കേസുകളാണ് കേരളത്തിലുള്ളത്. നക്‌സൽ വേട്ടയ്‌ക്കായി പൊലീസിന് ഫണ്ട് നൽകുന്നതും കേന്ദ്രം നിറുത്തലാക്കി.

പുനരധിവാസ പാക്കേജ്

കീഴടങ്ങാൻ 5 ലക്ഷം

വീടില്ലാത്തവർക്ക് വീട്

പഠനസഹായമായി 15000രൂപ

വിവാഹിതരാവാൻ കാൽലക്ഷം

തൊഴിൽ പരിശീലനത്തിന് 30,000രൂപ

സറണ്ടർ ചെയ്യുന്ന എ.കെ-47 തോക്കൊന്നിന് കാൽലക്ഷം

തൊഴിലവസരങ്ങൾ

 കേസുകൾ ഒഴിവാക്കും

കേരളത്തിലെ കേസുകൾ

നിലമ്പൂർ എടക്കര ആയുധപരിശീലനം തലപ്പുഴ വനത്തിലെ വെടിവയ്പ് വയനാട് വനം വികസന കോർപ്പറേഷൻ ആക്രമണം മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് കേസ് കോഴിക്കോട്ടെ മാവോയിസ്റ്റ് പ്രചാരണം