കോടതിയുടെ വെള്ളം മുട്ടിച്ച 'ടാപ്പ്' കള്ളൻ പിടിയിലായി
കൊച്ചി: കോടതിയുടെ വെള്ളംകുടി മുട്ടിച്ച് വെള്ളമടിക്കാൻ മോഷണം നടത്തിയ പ്രതിയെ പൊലീസ് കുടുക്കി. എറണാകുളം ജില്ലാക്കോടതിയിലെ ശൗചാലയങ്ങളിൽനിന്ന് പട്ടാപ്പകൽ ടാപ്പുകളും ഫിറ്റിംഗ്‌സുകളും മോഷ്ടിച്ച കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവാൾ പുത്തൻവീട്ടിൽ ഷാജഹാൻ അബൂബക്കർ (ഷാജൻ 48) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം മോഷണം നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
മോഷ്ടിച്ച ടാപ്പുകൾ കോട്ടയത്താണ് വിറ്റിരുന്നത്. മദ്യപിക്കാനുള്ള പണത്തിനായാണ് മോഷണമെന്ന് ഇയാൾ മൊഴിനൽകി. ഇന്നലെ കോടതി സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ശൗചാലയത്തിൽ ടാപ്പ് അഴിച്ചുകൊണ്ടിരിക്കെയാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. മൊബൈൽഫോൺ മോഷണക്കേസിൽ തിരുവനന്തപുരം പൊലീസിന്റെ പിടിയിലായി ആറുമാസം ജയിലിലായിരുന്നു. ഒന്നരമാസം മുമ്പാണ് പുറത്തിറങ്ങിയത്.
ഒരേയാൾ ഒന്നിലധികം ശൗചാലയങ്ങളിൽ കയറുന്ന സി.സി ടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് വഴിതെളിച്ചത്.