കൈവശം മുൻഗണന റേഷൻ കാർഡുണ്ടോ; സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങും
മലപ്പുറം: അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശം വയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കും. ചില സർക്കാർ ജീവനക്കാർ അനർഹമായി റേഷൻ സാധനങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഭക്ഷ്യ വിജിലൻസ് സമിതിക്ക് മുമ്പാകെ പരാതി ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മുൻഗണന റേഷൻ കാർഡ് കൈവശമുള്ള ജീവനക്കാരെ കണ്ടെത്താൻ ആവശ്യപ്പെട്ട് എല്ലാ വകുപ്പ് അധികാരികൾക്കും ജില്ലാ സിവിൽ സിവിൽ സപ്ലൈ ഓഫീസർ കത്ത് നൽകിയിട്ടുണ്ട്.
ഇതേ തുടർന്ന് ഓരോ ഓഫീസിന്റെയും ചുമതലയുള്ള മേധാവികൾ തങ്ങളുടെ കീഴിലുള്ള മുഴുവൻ ജീവനക്കാരോടും റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റേഷൻ കാർഡുകൾ പരിശോധിച്ച് മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടതല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ജീവനക്കാർക്ക് നവംബർ മാസത്തെ ശമ്പളം അനുവദിക്കാവൂ എന്നാണ് കളക്ടറുടെ ഉത്തരവ്. മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിൽ ഏതെങ്കിലും ജീവനക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കണം.
വേണം സത്യവാങ്മൂലം
സർക്കാർ ജോലി കിട്ടിയതോടെ മുൻഗണന കാർഡിൽ നിന്ന് സ്വയം ഒഴിയുകയും കൈവശം പുതിയ റേഷൻ കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കണം. പഴയ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിമാറ്റിയതിന് ശേഷമുള്ള പ്രിന്റ് ഹാജരാക്കണം. പുതുതായി ജോലിക്ക് കയറിയവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പരിശോധനയെങ്കിലും ജോലിയിൽ കയറി വർഷങ്ങളായിട്ടും മുൻഗണന കാർഡ് കൈവശം വയ്ക്കുന്നവർ ഉണ്ടെന്ന ആരോപണവും ഭക്ഷ്യ വിജിലൻസ് സമിതിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ റേഷൻ വാങ്ങിയവരിൽ നിന്ന് കമ്പോള വില കണക്കാക്കി തുക തിരിച്ചുപിടിക്കാനാണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.