ശങ്കരന് വോട്ടുപിടിക്കാൻ പോസ്റ്ററും വേണ്ട, ഫ്ലക്‌സും

Thursday 27 November 2025 12:18 AM IST

കോട്ടയം: വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ശങ്കരൻ. പക്ഷേ പ്രചാരണത്തിന് പോസ്റ്ററോ ഫ്ലക്സോ ചുവരെഴുത്തോ ബാനറോ ഒന്നുമില്ല. ആത്മവിശ്വാസമാണ് കോട്ടയം നഗരസഭ 35-ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ. ശങ്കരന്റെ കൈമുതൽ. നിലവിൽ കോട്ടയം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ശങ്കരൻ വിവേകാനന്ദ യോഗ വിദ്യാപീഠം ആചാര്യൻ കൂടിയാണ്.

കഴിഞ്ഞതവണ മത്സരിച്ച വാർഡ് വനിതാ സംവരണമായപ്പോഴാണ് 10 വർഷം മുൻപ് ജയിച്ച സ്ഥലത്തേക്ക് മാറിയത്. അന്ന് നടത്തിയ വികസനം അവിടുത്തെ ജനങ്ങൾക്ക് അറിയാമെന്ന് ശങ്കരൻ പറയുന്നു. പ്രചാരണോപാധികൾ വേണ്ടെന്നു വച്ചകാര്യം പറയുമ്പോൾ മികച്ച പ്രതികരണമാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിനുള്ള പണം ജീവകാരുണ്യത്തിന്

ചെറിയൊരു ഫ്ലക്സ് ബോർഡിന് ആയിരം രൂപയാകും. കളർ പോസ്റ്ററിന് കുറഞ്ഞത് അമ്പതുരൂപ. ചെറിയൊരു വാർഡിലെ പ്രചാരണത്തിന് മാത്രം ലക്ഷങ്ങൾ വേണ്ടിവരും. പ്രചാരണോപാധികൾക്കുള്ള പണം ജീവകാരുണ്യം പ്രവ‌ർത്തനത്തിന് നൽകുമെന്ന് ശങ്കരൻ പറയുന്നു. എൽ.ഡി.എഫിനായി സന്തോഷ് കുറിവേലിയും യു.ഡി.എഫിനായി സാബു പള്ളിവാതുക്കലുമാണ് 35-ാം വാർഡിൽ മത്സരിക്കുന്നത്.