അങ്കത്തട്ടിൽ തീപ്പൊരി കാമ്പസ്‌മേറ്റ്സ്

Thursday 27 November 2025 12:18 AM IST

കൊല്ലം: 1980-83 കാലത്ത് മൂന്ന് പെൺകുട്ടികൾ മത്സരിച്ച് മുദ്രാവാക്യം വിളിച്ചും ഉച്ചത്തിൽ പ്രസംഗിച്ചും കൊല്ലം എസ്.എൻ വനിതാ കോളേജിന്റെ ക്ലാസ് മുറികളെ വിറപ്പിച്ചിരുന്നു. കെ.എസ്.യു നേതാവ് ഗീത ശിവൻ, എ.ഐ.എസ്.എഫ് നേതാവ് ആർ.ലതാദേവി. പി.എസ്.യു നേതാവ് ബി.ജയന്തി. വർഷങ്ങൾക്കിപ്പുറം മൂവരും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ജനവിധി തേടുകയാണ്.

കോളേജിലെ വ്യത്യസ്ത സംഘടനകളുടെ പ്രവർത്തകരായിരുന്നെങ്കിലും മൂവരും ഉറ്റകൂട്ടുകാരായിരുന്നു. രാഷ്ട്രീയം പറഞ്ഞ് തർക്കുന്നതിനിടയിലും ഒരു പൊതിച്ചോറ് പങ്കിട്ടുകഴിച്ച കൂട്ടുകാരികൾ. അന്ന് കെ.എസ്.യുവിന്റെ കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു ഗീത ശിവൻ പിന്നീട് മഹിളാ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും നേതാവായി വളർന്നു. ഇതിനിടയിൽ ജ്യോതിനികേതൻ വിമൻസ് കോളേജിലെ അദ്ധ്യാപികയായി. അതിദീർഘമായ ശിഷ്യസമ്പത്തുള്ള ഗീത ശിവൻ പ്രസിദ്ധ കലാകാരൻ കൊല്ലം ശിവന്റെ ഭാര്യയാണ്.

മുൻ എം.എൽ.എ കൂടിയായ ആർ.ലതാദേവി ഇപ്പോൾ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. മന്ത്രി ജി.ആർ.അനിലിന്റെ ഭാര്യയാണ്. മുൻ മന്ത്രി വി.പി.രാമകൃഷ്ണപിള്ളയുടെ മകളായ ബി.ജയന്തി ഇപ്പോൾ സി.പി.എം നേതാവാണ്. ഗീത ശിവൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുഖത്തല ഡിവിഷനിലാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി ആർ.ലതാദേവി ചടയമംഗലം ഡിവിഷനിലും ബി.ജയന്തി പെരിനാട് ഡിവിഷനിലും ജനവിധി തേടുകയാണ്.