തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോസ്റ്റൽ ബാലറ്റ് വിതരണം തുടങ്ങി
മലപ്പുറം: ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് തലത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും പോസ്റ്റൽ ബാലറ്റുകൾ അതാത് ബ്ലോക്കിലാണുള്ളത്. അപേക്ഷകൾ പരിശോധിച്ച് യഥാസമയം അർഹരായവർക്ക് വിതരണം ചെയ്യാൻ അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്ക് കളക്ടർ വി.ആർ. വിനോദ് നിർദേശം നൽകി.
പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളവർ ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരികൾക്ക് നൽകണം. വോട്ടെണ്ണൽ തീയതിയായ ഡിസംബർ 13ന് രാവിലെ എട്ട് വരെയുള്ള വോട്ട് ചെയ്ത് തിരികെ ലഭ്യമാകുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് പരിഗണിക്കുക.
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റൽ ബാലറ്റിനായി ഫോറം 15ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും ( https://sec.kerala.gov.in ) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോദ്ധ്യപ്പെടുത്തിയിരിക്കണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാതലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി.