തദ്ദേശ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് പ്രയാസരഹിതം: പി.എം.എ സലാം

Thursday 27 November 2025 12:22 AM IST

മലപ്പുറം: കേരളത്തിലേത് ഇടതുപക്ഷമല്ല, ജനവിരുദ്ധ പക്ഷമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫിന്റെ വലിയ വിജയങ്ങൾ അതാണ് തെളിയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് പ്രയാസരഹിതമാണ്. വോട്ടർമാരോടൊപ്പം നിൽക്കുകയും അവരുടെ ദുരനുഭവങ്ങൾ ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. കോൺഗ്രസുമായി യാതൊരു പ്രശ്നങ്ങളുമില്ല. യു.ഡി.എഫ് വലിയ ഐക്യത്തിലാണ് മുന്നോട്ടുപോവുന്നത്. വലിയ വിജയം ഉണ്ടാകുമെന്നും സലാം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചാരണം എളുപ്പം

പത്തുവർഷത്തെ ഇടതുഭരണത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ ഓർമ്മപ്പെടുത്തേണ്ട ആവശ്യമേ യു.ഡി.എഫിനുള്ളൂ. പിണറായി അധികാരത്തിലെത്തുമ്പോൾ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് നൂറ് രൂപയായിരുന്നത് നാലിരട്ടി വർദ്ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തന കൂടിയതിന്റെ ഒരുദാഹരണം മാത്രമാണിത്. കുടുംബ ബ‌ഡ്‌ജറ്റ് തകർന്നു. വിലക്കയറ്റം പിടിച്ചുനിറുത്താനോ ജനങ്ങൾക്ക് കൈത്താങ്ങാവാനോ യാതൊരു നടപടിയും സർക്കാരിൽ നിന്നുണ്ടാവുന്നില്ല. മാവേലി സ്റ്റോറുകളും സപ്ലൈക്കോ ഔട്ട്‌ലെറ്റുകളും നോക്കുകുത്തിയാണ്. ജനങ്ങൾ പ്രയാസപ്പെടുമ്പോൾ അത് ഇരട്ടിപ്പിക്കുന്ന നടപടികളാണ് സർക്കാർ ചെയ്യുന്നത്. നികുതി കുത്തനെ കൂട്ടി. വീട് നികുതി 400 ശതമാനം വർദ്ധിപ്പിച്ചെന്ന് പറയുമ്പോൾ സർക്കാർ എത്രമാത്രം ക്രൂരതയാണ് ജനങ്ങളോട് കാണിക്കുന്നതെന്ന് ഊഹിക്കാനാകും.

വാഗ്ദാനങ്ങൾ മറന്നു 2021ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സാമൂഹ്യ പെൻഷൻ 2,500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. നാലര കൊല്ലം കഴിഞ്ഞിട്ടും ഒരുപൈസയും വർദ്ധിപ്പിച്ചില്ല. ഇപ്പോൾ ഇറങ്ങാൻ നേരത്ത് 2,000 ആക്കുമെന്നാണ് പ്രഖ്യാപനം. വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചില്ല. കാർഷിക മേഖല പാടെ തകർന്നു. നാളികേര സംഭരണം, നെല്ല് സംഭരണമെല്ലാം താറുമാറായി. വാഗ്ദാനങ്ങൾ ലംഘിച്ചാണ് അഞ്ചുവർഷം പൂർത്തിയാക്കാൻ പോകുന്നത്.

ആരോഗ്യ മേഖല കുത്തഴിഞ്ഞു

ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ഇടതുസർക്കാർ താറുമാറാക്കി. കേരളത്തിലേക്ക് പഠനാവശ്യാർത്ഥം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളെത്തിയ കാലമുണ്ടായിരുന്നു. ഇത്തവണ ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. കുട്ടികൾ കേരളത്തിൽ പഠിക്കാൻ തയ്യാറാവുന്നില്ല. കലായങ്ങളെ കലാപ ഭൂമികളാക്കി. യൂണിവേഴ്സിറ്റികളിൽ വി.സിമാരില്ല. ഗവർണറും സർക്കാറും തമ്മിൽ അടിയാണ്. 66 കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല.

രോഗിയുടെ കൂടെ വന്നവർ ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിക്കുകയാണ്. ശാസ്ത്രക്രിയകളിൽ ഗുരുതര പിഴവ് സംഭവിക്കുന്നു. ആവശ്യ മരുന്നുകളില്ല. ഗവ. ആശുപത്രിയിലെ ഡോക്ടർമാർ പോലും ഗതികെട്ട് പലതും വിളിച്ചുപറയുന്നു. അതേസമയം,​ മുഖ്യമന്ത്രിയുടെ മുഖം നാടുനീളെ പ്രദർശിപ്പിക്കാൻ പണമുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ നോക്കുകുത്തി

തദ്ദേശ സ്ഥാപനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കിയും ഫണ്ട് തടഞ്ഞും വകമാറ്റിയുമെല്ലാം താഴെത്തട്ടിലുള്ള ജനങ്ങളുടെ പിടലിക്ക് പിടിക്കുകയാണ് സർക്കാർ. ഗ്രാമവികസനത്തിന് ഫണ്ടില്ല. ക്ഷേമപ്രവർത്തനങ്ങൾക്ക് പണം നൽകുന്നില്ല. അനാവശ്യ നൂലാമാലകൾ പറഞ്ഞ് ഫണ്ടുകൾ തടയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളെ തന്നെ തകിടം മറിക്കുന്ന നയങ്ങളാണ് സർക്കാർ തുടരുന്നത്.

ബി.ജെ.പിക്ക് തിരിച്ചടി

ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുകയാണ്. ജനാധിപത്യവും മതനിരപേക്ഷതയും വിശ്വാസ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നു. പാവപ്പെട്ടവർക്കായി ഒന്നും ചെയ്യാതെ വർഗീയത കൊണ്ടുമാത്രം ജീവിച്ചുപോകുന്ന പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നത്. രാജ്യത്ത് പുരോഗതിയില്ല. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാണ്. ബി.ജെ.പിയെ ജനം കൈയൊഴിയും. ഇത്തവണ കേരളത്തിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാകും.