മൈക്ക് അനൗൺസ്‌മെന്റ് ടാക്സികൾക്ക് മാത്രം; ഹർജി നൽകി
Thursday 27 November 2025 12:24 AM IST
കൊച്ചി: ടാക്സി പെർമിറ്റുള്ള വാഹനങ്ങൾക്കു മാത്രമേ മൈക്ക് അനൗൺസ്‌മെന്റിന് അനുമതി നൽകാവൂ എന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കാട്ടി ഹൈക്കോടതിയിൽ ഹർജി. മൂവാറ്റുപുഴ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മാത്യുവാണ് ഹർജി നൽകിയത്.
ഉത്തരവ് റദ്ദാക്കണമെന്നും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള വാഹനങ്ങൾക്കും അനുമതി നൽകണമെന്നുമാണ് ആവശ്യം. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ടാക്സി ഡ്രൈവർമാരുടെ സംഘടന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ്. തുടർന്ന് പൊലീസിന്റെ 'തുണ' പോർട്ടലിൽ അപേക്ഷ ടാക്സിവാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇത് അപ്രായോഗികമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവ് വർദ്ധിപ്പിക്കുന്ന നടപടിയാണെന്നും കാട്ടിയാണ് ഹർജി.