കൊല്ലം-തിരുമംഗലം ദേശീയപാത: 10 മീറ്റർ വികസനത്തിന് 81 കോടിയുടെ എസ്റ്റിമേറ്റ്

Thursday 27 November 2025 12:24 AM IST

കൊല്ലം: ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന കൊല്ലം -തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗം പത്ത് മീറ്ററായി വികസിപ്പിക്കാൻ 81 കോടിയുടെ എസ്റ്റിമേറ്റ്. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സമർപ്പിച്ച എസ്റ്റിമേറ്റിന് എൻ.എച്ച്.എ.ഐയുടെ അനുമതി ലഭിച്ചാൽ വികസനം യാഥാർത്ഥ്യമാകും.

54 കിലോമീറ്റർ നീളത്തിലാണ് വികസനം. ഒരു കിലോമീറ്ററിന് ഏകദേശം 1.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ എൻ.എച്ച്.എ.ഐ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നേരത്തെ ധാരണയായത്. പൊതുമരാമത്ത് ദേശീയപാത, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥ സംഘം ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എൻ.എച്ച്.എ.ഐ പണം അനുവദിച്ച് നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന് നൽകാനാണ് സാദ്ധ്യത.

ദേശീയപാതയിൽ നിലവിൽ ഭൂരിഭാഗം സ്ഥലങ്ങളിലും 7 മുതൽ 8 മീറ്റർ വരെ മാത്രമാണ് റോഡിന്റെ വീതി. അതുകൊണ്ട് പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അപകടങ്ങളും പതിവാണ്. ജംഗ്ഷനുകളടക്കം പത്ത് മീറ്ററാകുന്നതോടെ ഗതാതക്കുരുക്ക് വലിയളവിൽ കുറയുമെന്നാണ് പ്രതീക്ഷ. നേരത്തെ കൊല്ലം- തിരുമംഗലം ദേശീയപാത സംസ്ഥാനത്തിന്റെ അതിർത്തി വരെ നാലുവരിപ്പാതയാക്കാൻ ആലോചനയുണ്ടായിരുന്നു. കടമ്പാട്ടുകോണം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതിയിലിൽ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഇടമൺ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗം ഉൾപ്പെട്ടതോടെ ചിന്നക്കടയിൽ നിന്നുള്ള വികസനം ഉപേക്ഷിക്കുകയായിരുന്നു.

മൊത്തത്തിൽ റീ ടാറിംഗ്

 ജംഗ്ഷനുകളിലും 10 മീറ്റർ  പണം എൻ.എച്ച്.എ.ഐ നൽകും  നിർമ്മാണം പൊതുമരാമത്ത് വകുപ്പ്

നീളം​ 54 മീറ്റർ നിലവിൽ വീതി​ 7-8 മീറ്റർ

കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ഭാഗം 10 മീറ്ററിൽ വികസിപ്പിക്കാനുള്ള എസ്റ്റിമേറ്റ് എൻ.എച്ച്.എ.ഐക്ക് കൈമാറി. എൻ.എച്ച്.എ.ഐ ഫണ്ട് അനുവദിച്ചാൽ തുടർ നടപടികളിലേക്ക് കടക്കും.

പൊതുമരാമത്ത് ദേശീയപാത വിഭാഗം