മാങ്കൂട്ടത്തിലിന്റെ പ്രചാരണം, ഇരു ചേരിയിൽ നേതാക്കൾ
തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ പുതിയ ശബ്ദരേഖ പുറത്തു വന്നതിനു പിറകേ
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കളെത്തിയത് തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസിന് തലവേദനയായി.
രാഹുൽ നിരപരാധിയാണെന്നും കോൺഗ്രസിൽ സജീവമാകണമെന്നും കെ. സുധാകരൻ. രാഹുലിന്റെ പ്രചാരണ പരിപാടിയെക്കുറിച്ച് കെ.പി.സി.സി പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് വേദിയിൽ രാഹുൽ ഉണ്ടാകില്ലെന്ന് കെ. മുരളീധരൻ.
പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ സജീവമാകുന്നതിനിടെയാണ് ലൈംഗിക ആരോപണ ശബ്ദരേഖയുടെ പുതിയ ഭാഗം പുറത്തുവന്നത്. തുടർന്ന്, രാഹുലിന്റെ പങ്കാളിത്തം പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ചർച്ചയായി. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൗനം പാലിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചില്ല. ഇതിനിടെയാണ് രാഹുലിനായി വാദിച്ച് സുധാകരന്റെ രംഗപ്രവേശം.
രാഹുലിന്റെ പ്രചാരണം ഗുണകരമാണോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് അതത് ഘടകങ്ങളാണെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു. രാഹുലിനെ പുറത്താക്കിയതാണെന്നും കെ. സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണെന്നും പറഞ്ഞ് ചെന്നിത്തല അതൃപ്തി കൂടുതൽ കടുപ്പിക്കുകയും ചെയ്തു.
രാഹുൽ സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണെന്നും പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പാലക്കാട് നേതൃത്വം മറുപടി നൽകുമെന്നുമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
അതേസമയം, കാൽ കുത്തി നടക്കാൻ കഴിയുന്നിടത്തോളം പ്രചാരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കി നേതൃത്വത്തിനെതിരെ പരസ്യ പോരാട്ടത്തിനാണ് രാഹുൽ ഒരുങ്ങുന്നത്.